/sathyam/media/media_files/lumC0GcJWC0kJX4HOL2e.jpg)
മിനാ: ഈ വർഷത്തെ മിനയിലെ ഹജ്ജ് സേവന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഐ സി എഫ് - ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ മിനയിൽ നിന്നും മടങ്ങി. പരിമിതമായ വളണ്ടിയർമാർക്കാണ് ഈ വർഷം പ്രവേശിക്കാൻ അവസരം ലഭിച്ചതെങ്കിലും ലഭ്യമായ അവസരത്തെ കൃത്യതയോടെ നിർവഹിച്ച സന്തോഷത്തിലാണ് വളണ്ടിയർ ക്യാമ്പ് അവസാനിപ്പിച്ചത്.
രണ്ടു ഷിഫ്റ്റുകളായി മിനായിലെ 50 പോയിന്റുകളിൽ 24 മണിക്കൂറും വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. വളണ്ടിയർമാരെയും ഹാജിമാരെയും സഹായിക്കാൻ ക്യാമ്പ് കേന്ദ്രീകരിച്ച് ഹെല്പ് ഡെസ്കും, ഇൻഫെർമേഷൻ സെന്ററും, സ്കോളേഴ്സ് വിങ്ങും, മെഡിക്കൽ ടീമും പ്രവർത്തിച്ചു.
മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്ത ഹാജിമാരെ കണ്ടെത്തുക, ചികിത്സ ആവശ്യമുള്ള ഹാജിമാരെ ഹോസ്പിറ്റലിൽ എത്തിക്കുകയും ആവശ്യമായ പരിചരണങ്ങൾ നൽകുകയും ചെയ്യുക എന്നുള്ളതായിരുന്നു ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനത്തിലെ പ്രധാന വെല്ലുവിളികൾ. ക്യാമ്പിൽ നിന്ന് പിരിഞ്ഞാലും കാണാതായ ഹാജിമാരെ കണ്ടെത്തുന്നതിനും ഹോസ്പിറ്റലുകളിൽ അഡ്മിറ്റായ ഹാജിമാർക്ക് വേണ്ട സേവനങ്ങൾ നൽകുന്നതിനും വളണ്ടിയർമാരുടെ ഒരു സംഘം മക്കയിൽ പ്രവർത്തിക്കും എന്ന് വളണ്ടിയർ കോർ അറിയിച്ചു.
ഒപ്പം മക്കയിലും മദീനയിലും അവസാന ഹാജിയും തിരിച്ചു പോകുന്നത് വരെ വളണ്ടിയർമാരുടെ സേവനം ഹാജിമാർക്ക് ഉറപ്പ് വരുത്തും.
അസീസിയയിലെ ക്യാമ്പിൽ നടന്ന വളണ്ടിയർ സംഗമം കേരളം മുസ്ലിം ജമാഅത്ത് ജനറൽ സെക്രറട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസുകളെ ഒരുമിപ്പിക്കാൻ സേവന പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിറാജ് കുറ്റിയാടി ,സാദിഖ് ചാലിയാർ, മൻസൂർ ചുണ്ടമ്പറ്റ, ബഷീർ പറവൂർ, മുഹ്‌സിൻ സഖാഫി, ഷാഫി ബാഖവി എന്നിവർ സംഗമത്തെ അഭിസംബോധനം ചെയ്തു.