ജിദ്ദ: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളി ദമ്പതികൾ ആത്മാഹൂതി ചെയ്ത സംഭവത്തിൽ കരൾ പിളർക്കുന്ന കാഴ്ചയാവുന്നത് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന പോലെ ഇപ്പോഴും ചിരിക്കുകയും കുസൃതി കാട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന അവരുടെ അഞ്ചു വയസ്സ് പ്രായമുള്ള മകൾ ആരാധ്യ അനൂപ്.
ഇപ്പോഴും തന്റെ മാതാപിതാക്കൾ എന്നെന്നേക്കുമായി തന്നിൽ നിന്ന് പിരിഞ്ഞു പോയെന്ന കാര്യം അവൾക്ക് അറിയില്ലാ. കശപിശ മൂത്ത് കടുംകൈ ചെയ്യുമ്പോൾ അവർ ഓർത്തില്ലാ ഇതിന്റെ യഥാർത്ഥ ഇര എട്ടുംപൊട്ടും അറിയാൻ ആയിട്ടില്ലാത്ത തങ്ങളുടെ തന്നെ ഒരിളം പൈതലാണെന്ന്!
കൊല്ലം, തൃക്കരിവ, കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ് അൽഖോബാറിന് സമീപമുള്ള തുഖ്ബ പ്രദേശത്തെ താമസ സ്ഥലത്ത് ഫ്ലാറ്റിൽ ബുധനാഴ്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. രമ്യ മോൾ കട്ടിലിൽ മരിച്ച നിലയിലും അനൂപ് സമീപത്തെ ഫാനിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു.
ഇവരുടെ ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്റെ നിലവിളികേട്ട അയൽക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.
കുടുംബവഴക്കാണ് മരണകാരണമെന്നാണ് അറിയുന്നത്. പൊലീസെത്തി വാതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 12 വർഷത്തിലധികമായി തുഖ്ബയിൽ വർക്ക്ഷോപ് നടത്തുകയായിരുന്നു അനൂപ് മോഹൻ.
സൗദി പൊലീസ് ഏൽപ്പിച്ചത് പ്രകാരം, കിഴക്കൻ പ്രവിശ്യയിലെ ലോക കേരളസഭാംഗം നാസ് വക്കം ആണ് ആരാധ്യ അനൂപിനെ സംരക്ഷിക്കുന്നത്. കുട്ടിയെ വൈകാതെ നാട്ടിലെ ബന്ധുക്കളുടെ പക്കൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നാസ് വക്കം.
താൻ തനിച്ചായെന്ന് പൂർണമായും മനസ്സിലായിട്ടില്ലാത്ത ഈ അഞ്ചുവയസ്സുകാരി തന്നെ കാണാൻ വരുന്നവരോടെല്ലാം വിശേഷങ്ങൾ പങ്കുവെക്കുന്ന കാഴ്ച ഇവിടുത്തെ പ്രവാസികളുടെ വേദനയാവുകയാണ്.
നാട്ടിൽനിന്ന് ഫോണിൽ വിളിക്കുന്ന ബന്ധുക്കളോടെല്ലാം കുട്ടി സംസാരിക്കുന്നുണ്ട്. ആരാധ്യ നൽകിയ വിവരങ്ങളാണ് അനൂപ് മോഹന്റെയും ഭാര്യ രമ്യമോൾ വസന്തകുമാരിയുടെയും മരണത്തെക്കുറിച്ച് പൊലീസിന്റെ പക്കലുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായാലേ വിവരങ്ങൾക്ക് കൃത്യത ഉണ്ടാവുകയുള്ളൂ.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ നിന്ന് സ്ഥലപരിമിതി മൂലം മൃതദേഹങ്ങൾ ഖത്വീഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതിനാൽ പോസ്റ്റുമോർട്ടം ഞായറാഴ്ച വരെ നടത്താനായിട്ടില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം അനൂപിന്റെയും രമ്യയുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നാസ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.