റിയാദ്: സൗദി അറേബ്യയിലെ തൃശ്ശൂര്‍ ജില്ലകാരുടെ കല -സാംസ്കാരിക- ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2025 ലെ മെമ്പർഷിപ് ക്യാമ്പയിന് ഔപചാരികമായ തുടക്കമായി.
തൃശൂർ മുള്ളൂർക്കര സ്വദേശി അബ്‌ദുൾ റസാക്കിനും ചാവകാട് സ്വദേശി സുബൈറിനും അംഗത്വം നൽകികൊണ്ട് അംഗത്വ വിതരണത്തിന്‍റെ ഔപചാരിക ഉദ്ഘാടനം തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് കൃഷ്ണകുമാർ നിര്‍വ്വഹിച്ചു.
കഴിഞ്ഞ 14 വർഷമായി സൗദിയിലും ഖത്തറിലും പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി ജീവകാരുണ്യ - കല - സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.
റിയാദിലും ജിദ്ദയിലും ദമ്മാമിലും അല്‍ ഖര്‍ജ്ജിലുമായി ഏകദേശം 800 അംഗങ്ങൾ ഉള്ള സംഘടനയുടെ സ്ഥാപകനേതാവ് അന്തരിച്ച പത്‌മശ്രീ സി. കെ മേനോൻ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ ജെ കെ മേനോൻ ആണ് ഇപ്പോൾ സംഘടനയുടെ മുഖ്യരക്ഷാധികാരി.
സംഘടനാ തലത്തിൽ കേരളത്തിൽ ആദ്യമായി ഒരു എൻ ആർ ഐ കോഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയത് തൃശൂർ ജില്ലാ സൗഹൃദവേദിയാണ്. ഇപ്പോൾ തൃശൂരിലും തൃശൂർ ജില്ലയിലെ തളിക്കുളത്തുമായി രണ്ടു സൊസൈറ്റികൾ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ അഭിമാനമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
വളരെ മിതമായ നിരക്കിൽ വായ്പകൾ , വാഹനവായ്പകൾ, എന്നിവ സൊസൈറ്റി നല്‍കിവരുന്നുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് സൗഹൃദവേദി 1000 രൂപ പെൻഷനും, അംഗമായി ഇരിക്കെ മരണപെടുന്നവരുടെ കുടുംബത്തിന് രണ്ടേകാല്‍ ലക്ഷം രൂപയും മക്കളുടെ വിവാഹത്തിന് ധനസഹായവും നല്‍കിവരുന്നുണ്ട്. കൂടാതെ അംഗങ്ങളുടെ മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾക്ക് സഹായവും സംഘടന നൽകി വരുന്നു.
അംഗത്വ കാമ്പയിന് പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സുരേഷ് ശങ്കർ സ്വാഗതവും ഗിരിജൻ നായർ നന്ദിയും പറഞ്ഞു. ട്രഷറർ ഷാഹിദ് അറക്കൽ, വൈസ് പ്രസിഡന്റ് നമസ്തേ സന്തോഷ്, ശരത് ജോഷി, സുരേഷ് തിരുവില്ലാമല, ധനജ്ഞയ കുമാർ, സൂരജ് കുമാർ, അരുണൻ മുത്താട്ടു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
തൃശൂർ ജില്ലാ സൗഹൃദവേദിയിൽ അംഗമായി ചേരുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. അംഗത്വം എടുക്കുവാൻ താല്പര്യമുള്ള തൃശൂർ നിവാസികൾ കൃഷ്ണകുമാർ 0502980032,
സൂരജ് കുമാർ 0531219361, ഷാഹിദ് അറക്കൽ 0568499307 എന്നിവരെ ബന്ധപെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.