/sathyam/media/media_files/2025/12/02/agreement-2025-12-02-19-18-00.jpg)
റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റമായി, ഇരുരാജ്യങ്ങളിലെ പൗരന്മാർക്ക് പരസ്പരം യാത്ര ചെയ്യുന്നതിനുള്ള വിസ നടപടികൾ ലഘൂകരിക്കുന്ന കരാർ റിയാദിൽ ഒപ്പുവെച്ചു. സൗദി - റഷ്യൻ നിക്ഷേപവും ബിസിനസ് ഫോറവും നടന്ന സമയത്താണ് ഈ ധാരണ നടപ്പിലായത്.
കരാറിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും റഷ്യയുടെ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്കും ഒപ്പുവച്ചു. ചടങ്ങിൽ സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സന്നിഹിതനായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഉയർത്തിപ്പിടിക്കാനും ഭാവിയിലെ സഹകരണ മാർഗങ്ങൾ മെച്ചപ്പെടുത്താനുമുള്ള സൗദി നേതൃത്വത്തിന്റെ നിലപാടിനെയാണ് ഈ നിർണായക നടപടിയിലൂടെ തെളിയിക്കുന്നത്.
പുതിയ കരാറിന്റെ പ്രകാരം ടൂറിസം, ബിസിനസ് ആവശ്യങ്ങൾ, ബന്ധുക്കളെയും പരിചയക്കാരെയും സന്ദർശിക്കൽ തുടങ്ങിയ സാധാരണയാത്രകൾക്ക് ഇനി മുൻകൂർ വിസ വേണ്ടതില്ല. ഇതോടെ യാത്ര കൂടുതൽ ലളിതവും കാര്യക്ഷമവുമാകും.
സാധാരണ പാസ്പോർട്ട് ഉള്ളവർക്ക് ഒരു വർഷക്കാലയളവിൽ ആകെ 90 ദിവസം വരെ താമസിക്കാമെന്നതാണ് പ്രധാന സൗകര്യം. എന്നാൽ ജോലി ചെയ്യുക, പഠനം തുടരുക, സ്ഥിരതാമസം, ഹജ്ജ് എന്നിവയ്ക്കായി വരുന്നവർ മുൻപുണ്ടായിരുന്ന വിസ നിയമങ്ങൾ പാലിച്ചിരുന്നു പോലെ തുടർന്നും പാലിക്കണം. ഈ വിഭാഗങ്ങൾക്ക് ഇളവുകളൊന്നും ബാധകമല്ല.
സൗദിയുമായി ഇത്തരത്തിൽ സാധാരണ പാസ്പോർട്ട് യാത്രക്കാരെ ഉൾപ്പെടുത്തി വിസ ഇളവ് കരാറിൽ ഏർപ്പെടുന്ന ആദ്യ രാജ്യമാണ് റഷ്യ. സമ്ബദ്‌വ്യവസ്ഥ, സംസ്കാരം, ടൂറിസം, മറ്റു പല മേഖലകളിലുമുള്ള പരസ്പര ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു വലിയ ചുവടായാണ് വിദഗ്ധർ ഈ കരാറിനെ വിലയിരുത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us