റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ വി വസീഫ് റിയാദിൽ പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വി വസീഫിന് കേളി കലാ സാംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ ചരിത്രങ്ങളെ വെട്ടിമാറ്റി മിത്തുകൾ കുത്തിനിറച്ചുള്ള വിദ്യാഭ്യാസ രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് സംഘപരിവാർ അജണ്ട നടപ്പിൽ വരുത്താൻ സാധിക്കാത്തത്. അതിനായി ഗവർണർമാരെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ എസ് എഫ് ഐയും, ഡിവൈഎഫ്ഐയും ഇപ്പോൾ സമര രംഗത്താണ്.
കേരളം നേടിയെടുത്ത നേട്ടങ്ങളെ സങ്കുചിത രാഷ്ട്രീയത്തിൻ്റെ പേരിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കേണ്ട ഈ അവസരത്തിൽ ദൗർഭാഗ്യവശാൽ കേരളത്തിലെ പ്രതിപക്ഷം മൗനം പാലിക്കുകയാണ്. മാത്രവുമല്ല വയനാട്ടിലെ മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്ക് വീട് വെച്ച് നൽകാനെന്ന പേരിൽ പിരിച്ചെടുത്ത കോടികളുടെ കണക്കിലെ അവ്യക്തത പ്രതിപക്ഷത്തെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഇത് ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ നുണക്കഥകൾ നിരത്തി ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ദുരന്ത മുഖത്ത് പോലും മുതലെടുപ്പ് രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തെ ജനങ്ങൾ ഒറ്റപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണത്തിൽ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ ബൊക്കെ നൽകി സ്വീകരിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ നന്ദി പറഞ്ഞു.