/sathyam/media/media_files/2025/09/26/saudi-2025-09-26-18-30-06.jpg)
ജിദ്ദ: തലസ്ഥാന നഗരമായ റിയാദിലെ വാടക വര്‍ധിപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വര്‍ധിച്ചു വരുന്ന വാടക നിരക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ ഇറക്കിയ മുന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടക്കമിട്ടു.
റിയാദിലെ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനങ്ങള്‍. ഉടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും നിയന്ത്രിതവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പുതിയ നിയമങ്ങള്‍ അനുസരിച്ച്, ക്യാബിനറ്റ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അതനുസരിച്ച് റിയാദിന്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക തുക അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാന്‍ പാടില്ല.
വ്യാഴാഴ്ച്ച (2025 സെപ്റ്റംബര്‍ 25 - ഹിജ്‌റ 1447, റബിഅ് അല്‍ഥാനി 3) മുതല്‍ ഈ നിയമം പ്രാബല്യത്തിലായി. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ വാടക വര്‍ധിപ്പിക്കാന്‍ കെട്ടിട ഉടമയ്ക്ക് സാധിക്കില്ല.
ആവശ്യമെങ്കില്‍ ഈ നിയമം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.
റിയാദിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക, മുന്‍ കരാറിലെ വാടക നിരക്കനുസരിച്ച് നിര്‍ണ്ണയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആദ്യമായി വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ വാടക ഉടമയും വാടകക്കാരനും തമ്മിലുള്ള ധാരണയനുസരിച്ച് തീരുമാനിക്കും.
എല്ലാ വാടക കരാറുകളും 'ഇജാര്‍' നെറ്റ്വര്‍ക്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 'ഇജാര്‍' വഴി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ഉടമ അപേക്ഷ നല്‍കണം. വാടകക്കാരനും ഇതിനായി അപേക്ഷ നല്‍കാനുള്ള അവകാശമുണ്ട്.
കരാര്‍ വിവരങ്ങളെക്കുറിച്ച് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ 60 ദിവസത്തിനകം ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന് പരാതി നല്‍കാം. ഈ കാലയളവിനുള്ളില്‍ പരാതികളില്ലെങ്കില്‍ കരാര്‍ വിവരങ്ങള്‍ ശരിയാണെന്ന് കണക്കാക്കും.
നിലവിലുള്ള വാടക കരാറുകൾ കരാറിന്റെ കാലഹരണ തീയതിക്ക് കുറഞ്ഞത് (60) ദിവസം മുമ്പെങ്കിലും പുതുക്കാൻ വിസമ്മതിക്കുന്ന കാര്യം ഒരു കക്ഷി മറ്റേയാളെ അറിയിക്കുന്നില്ലെങ്കിൽ (രാജ്യത്തെ എല്ലാ നഗരങ്ങളിലും) ഒരു വാടക കരാർ സ്വയമേവ പുതുക്കിയതായി പരിഗണിക്കും.
ഇനിപ്പറയുന്ന കേസുകൾ ഒഴികെ: ഈ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമ്പോൾ (90) ദിവസമോ അതിൽ കുറവോ ശേഷിക്കുന്ന നിശ്ചിതകാല കരാറുകൾ. അല്ലെങ്കിൽ പുതുക്കാൻ വിസമ്മതിക്കുന്നതായി അറിയിപ്പ് സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട കാലയളവ് അവസാനിച്ചതിന് ശേഷം ഇരു കക്ഷികളും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാൻ സമ്മതിക്കുന്ന കരാറുകൾ. അതുമല്ലെങ്കിൽ, റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിക്ക് സ്റ്റാൻഡേർഡ് കരാറുകളിൽ നിശ്ചയിച്ചിട്ടുള്ള നോട്ടീസ് കാലയളവ് കരാർ കാലാവധിക്കും തരത്തിനും ആനുപാതികമായി വർദ്ധിപ്പിക്കാം.
റിയാദിലെ നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രോപ്പർട്ടികളിൽ വാടകക്കാർ കരാർ പുതുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മൂന്ന് കേസുകളിൽ ഒഴികെ, ഉടമ അതിന് വിസമ്മതിക്കുകയോ കെട്ടിടം ഒഴിയാൻ നിര്ബന്ധിക്കുകയോ ചെയ്യരുതെന്നും പുതിയ നിയമം അനുശാസിക്കുന്നു. എന്നാൽ ഇത് താഴെയുള്ള മൂന്നു അവസരങ്ങളിൽ ബാധകമായിരിക്കില്ല.
1. വാടകക്കാരൻ പണം നൽകുന്നതിൽ പരാജയപ്പെടുന്നു.
2. ബന്ധപ്പെട്ട സർക്കാർ ഏജൻസി അംഗീകരിച്ച ഒരു സാങ്കേതിക റിപ്പോർട്ട് അനുസരിച്ച്, വസ്തുവിന്റെ സുരക്ഷയെയും താമസക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന ഘടനാപരമായ വൈകല്യങ്ങളുടെ സാന്നിധ്യം.
3. റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് യൂണിറ്റ് സ്വന്തം ഉപയോഗത്തിനോ ഒരു ഒന്നാം ഡിഗ്രി ബന്ധുവിന്റെ ഉപയോഗത്തിനോ ഉപയോഗിക്കാനുള്ള ഉടമയുടെ ആഗ്രഹം.
അല്ലെങ്കിൽ ജനറൽ അതോറിറ്റി ഫോർ റിയൽ എസ്റ്റേറ്റിന്റെ ഡയറക്ടർ ബോർഡ് അത് നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി നിർണ്ണയിക്കുന്ന മറ്റേതെങ്കിലും കേസുകൾ.
ഈ പുതിയ നിയമങ്ങള്‍ റിയാദിലെ വാടക വിപണിയില്‍ സ്ഥിരത കൊണ്ടുവരുമെന്നും താമസക്കാര്‍ക്ക് ആശ്വാസമാകുമെന്നും കരുതപ്പെടുന്നു. പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് സൗദി കിരീടാവകാശിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ നടപ്പിലായ അഞ്ചു വർഷത്തേക്കുള്ള റിയാദിലെ വാടക വർദ്ധന നിർത്തലാക്കൽ നിയമം.