/sathyam/media/media_files/2025/11/04/f4b3f9f9-74b3-4d1d-ab03-f279df9f2be1-2025-11-04-22-15-22.jpg)
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നവംബർ 18 ന് വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി സൗദി ഉടമസ്ഥതയിലുള്ള അൽഅറബിയ്യഃ ചാനൽ അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയും തമ്മിൽ ഞായറാഴ്ച ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും തുടർന്നാണ് സൗദി കിരീടാവകാശിയുടെ യു എസ് സന്ദർശനം ഉറപ്പാവുകയും അമേരിക്ക അത് പ്രഖ്യാപിക്കുകയും ചെയ്തതെന്നും വാർത്ത തുടർന്നു.
അതേസമയം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അമേരിക്കൻ സന്ദർശനം സംബന്ധിച്ച പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.
കിരീടാവകാശിയായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള മുഹമ്മദ് സൽമാന്റെ രണ്ടാമത്തെ വാഷിംഗ്ടൺ സന്ദര്ശനമായിരിക്കും ഇത്. 2018 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അമേരിക്കൻ സന്ദർശനം.
കഴിഞ്ഞ മെയ് മാസത്തിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനാർത്ഥം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയിൽ എത്തിയിരുന്നു. അതാകട്ടെ, അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്ത് രണ്ടാമതും എത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ നയതന്ത്ര യാത്രയായിരുന്നു. സൗദിയുമായും ഗൾഫ് രാജ്യങ്ങളുമായുമുള്ള ബന്ധത്തിന് അമേരിക്ക നൽകുന്ന പ്രാധാന്യമാണ് അത് സൂചിപ്പിക്കുന്നതെന്ന് അന്ന് പരക്കെ അവലോകനം ചെയ്യപ്പെട്ടിരുന്നു.
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്കയുമായി സൗദി ആഗ്രഹിക്കുന്ന സ്ട്രാറ്റജിക് സൈനിക കരാർ, ആണവ വിദ്യ സംബന്ധിച്ച സൗദിയുടെ പ്ലാൻ, ഇസ്രയേലുമായി സൗദി ഉണ്ടാക്കണമെന്ന് അമേരിക്ക നിർബന്ധിക്കുന്ന സൗഹൃദ ബന്ധം തുടങ്ങിയവ സൗദി - അമേരിക്ക ചർച്ചകളിലെ അതിപ്രധാനമായ വിഷയങ്ങളാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us