സാംസ്‌കാരികപ്പെരുമയുടെ മേളപ്പെരുക്കം തീര്‍ത്ത് ജിദ്ദയില്‍ സൗദി ഇന്ത്യ ഫെസ്റ്റിവല്‍

ഉഭയകക്ഷി ഊഷ്മളബന്ധത്തിലെ പഞ്ചആശയങ്ങൾ മേളിച്ച മഹോത്സവം -കോൺസൽ ജനറൽ

New Update
saudi

ജിദ്ദ: അറബ് ഇന്ത്യാ സാംസ്‌കാരികപ്പെരുമയുടെ മേളപ്പെരുക്കം തീര്‍ത്ത് ജിദ്ദയില്‍ അരങ്ങേറിയ സൗദി ഇന്ത്യ ഫെസ്റ്റിവല്‍ സീസണ്‍ രണ്ട് മഹോത്സവം അവിസ്മരണീയാനുഭവമായി. 

Advertisment

അര നൂറ്റാണ്ടത്തെ പ്രവാസ കുടിയേറ്റം പ്രമേയമായ ഫെസ്റ്റിവലില്‍ അറബ് കലാകാരന്മാരും ഇന്ത്യന്‍ കൗമാരപ്രതിഭകളും ചേര്‍ന്നൊരുക്കിയ ഉജ്വല കലാവിരുന്ന് സാംസ്കാരിക വൈവിധ്യവും സൗഹൃദപ്പെരുമയും വിളംബരം ചെയ്യുന്ന ഒന്നായി.

 ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിക്കൂറോളം നീണ്ട  സാംസ്‌കാരികോത്സവത്തില്‍ മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു.

“അര നൂറ്റാണ്ടത്തെ കുടിയേറ്റത്തിന്റെ ഇടനാഴി” എന്ന ശീര്‍ഷകത്തില്‍ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് ഗുഡ്‌വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമദ് ഖാന്‍ സൂരി മുഖ്യാതിഥിയായിരുന്നു.

ഇന്ത്യയും അറേബ്യയും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന ഉറ്റ ബന്ധത്തില്‍ അന്തര്‍ലീനമായ അഞ്ച് ആശയങ്ങള്‍ സമഞ്ജസമായി സമ്മേളിച്ചതാണ് സൗദി ഇന്ത്യ ഫെസ്റ്റിവലെന്ന്, ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തവെ കോണ്‍സല്‍ ജനറല്‍ പ്രസ്താവിച്ചു. 

സൗദി അറേബ്യയിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശികളും ഇന്ത്യന്‍ പ്രവാസികളുമാണ് ഉഭയകക്ഷി ബന്ധത്തിന്റെ കേന്ദ്രബിന്ദു.

അവരുടെ നീണ്ടകാലമായുള്ള ഇടപഴകലും പങ്കാളിത്തവും ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇരുജനതകളുടെയും സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പുകളായി മാറിയത്. ഈ ആശയങ്ങളുടെ മൂര്‍ത്തരൂപമാണ് ഫെസ്റ്റിവലില്‍ ദൃശ്യമായിരിക്കുന്നത്.

തലമുറകളായി ഇരുരാജ്യങ്ങളിലെയും ജനങ്ങളും സംസ്‌കാരങ്ങളും തമ്മിലെ ഊഷ്മള ബന്ധത്തെ മനോഹരമായി ആവിഷ്‌കരിക്കുന്നതാണ് മഹോത്സവത്തിന്റെ ശീര്‍ഷകം.  

സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ആവിഷ്‌കൃതമാവുന്ന ആത്മാവിന്റെ ഭാഷയാണ് സംസ്‌കാരം.  ഭൂമിശാസ്ത്ര അതിരുകളെയും ഭാഷാ അതിര്‍വരമ്പുകളെയും മറികടന്നുള്ള പരസ്പ മനസ്സിലാക്കലിന്റെയും ആദരവ് പ്രകടിപ്പിക്കലിന്റെയും മൂല്യങ്ങള്‍ക്ക് കൂടുതല്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കുന്നതാണ് ഈ ആഘോഷം.

വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌കാരത്തെയും സൗദി സംസ്‌കാരത്തെയും കലകളിലൂടെ കൂട്ടിയിണക്കാന്‍ സാധിച്ചുവെന്നത് ഫെസ്റ്റിവലിന്റെ സവിശേഷതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സക്രിയമായ കലാ സാസ്കാരിക പ്രവർത്തനങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളായുള്ള ജിജിഐ പ്രവർത്തകരുടേയും ഇന്ത്യൻ വിദ്യാർത്ഥികളുടേയും സഹകരണവും സമര്‍പ്പണവുമാണ് ഫെസ്റ്റിവലിന്റെ വിജയത്തിന് നിദാനമായത്.

സംസ്കാരങ്ങൾ തമ്മിലുള്ള ആധാന പ്രദാനത്തിനുള്ള വേദിയായി ഫെസ്റ്റിവല്‍  മാറിയത് അഭിമാനകരമാണെന്നും കോണ്‍സല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.

ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു.

സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫോറം പ്രസിഡന്റ് ഡോക്ടർ അഷ്റഫ് അമീർ, ഇഫത് യൂനിവേർസിറ്റി ഡീൻ ഡോ. റീം അൽ മദനി, ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ  സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ, അബീർ മെഡിക്കൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍,  റാകോ ഗ്രൂപ്പ് സി.ഇ.ഒ റഹീം പട്ടര്‍കടവന്‍ എന്നിവര്‍ സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയാണ് സംസ്‌കാരവും അതിന്റെ ആവിഷ്‌കാരവുമെന്ന് പ്രസംഗകര്‍ എടുത്തുപറഞ്ഞു.
 
 കോണ്‍സല്‍ ജനറലിന്റെ സഹധര്‍മിണി ഫഹ്‌മിനാ ഖാത്തൂന്‍, ഷൈമാ ഖലീഫ, മക്കയിലെ മദ്രസ സൗലത്തിയയുടെയും മദ്രസ മലൈബാരിയയുടെയും സൂപ്പര്‍വൈസറായ ശൈഖ് ആദില്‍ ഹംസ മലൈബാരി, ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്‍മാന്‍ ശൈഖ് അബ്ദുറഹ്‌മാന്‍ അബ്ദുല്ല യൂസുഫ് മലൈബാരി, ശൈഖ് അഹമ്ദ് അതാഉല്ലാ ഫാറൂഖി, ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്‌ലം ഖാന്‍ തുടങ്ങിയ വിശിഷ്ടാതിഥികളും ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.

ജിജിഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറല്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. ഷംന പി.എം അവതാരകയായിരുന്നു.

സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ കോണ്‍സല്‍ ജനറലും കലാപ്രതിഭകള്‍ക്കും കൊറിയോഗ്രഫര്‍മാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ പ്രസ് ആന്‍് കള്‍ച്ചര്‍ കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഐ.എം. ഹുസൈനും സമ്മാനിച്ചു.

നൂറ്റമ്പതോളം അറബ്, ഇന്ത്യന്‍ കലാപ്രതിഭകളുടെ മിന്നും പ്രകടനം ആസ്വാദകരുടെ മനം കവരുന്നതായിരുന്നു. പെറ്റുമ്മയും പോറ്റുമ്മയും തമ്മിലെ അഭേദ്യബന്ധത്തിന്റെ നിദര്‍ശനമായിരുന്നു സഹസ്രാബ്ദങ്ങളായുള്ള സാംസ്‌കാരിക വിനിമയത്തിന്റെയും ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെയും പകര്‍ന്നാട്ടം. 

സ്‌നേഹസൗഭ്രാത്രം കാമ്പും കാതലുമായ ഉഭയകക്ഷി ഊഷ്മളബന്ധത്തിന്റെ കേളികൊട്ടുത്സവം കൂടിയായി ഫെസ്റ്റിവല്‍ .  വര്‍ണാഭവും ചടുലവുമായ അറബ്, ഇന്ത്യന്‍ നൃത്തച്ചുവടുകള്‍ ഓഡിറ്റോറിയത്തിനകത്തും പുറത്തും നിറഞ്ഞുകവിഞ്ഞ ജനാവലിയെ ആവേശഭരിതരാക്കി.

ഇന്ത്യയുടെ വർണ്ണാഭമായ നൃത്തങ്ങളും സൗദിയുടെ ശക്തമായ താളങ്ങളും വേദിയിൽ ഒപ്പത്തിനൊപ്പം അവതരിപ്പിച്ചത് സാംസ്കാരിക വിനിമയത്തിന്റെ ഉജ്വലാവിഷ്‌കാരമായി. ഫെസ്റ്റിവല്‍ പ്രമേയത്തെ ആസ്പദമാക്കി, ഇന്ത്യന്‍ ഗള്‍ഫ് കുടിയേറ്റത്തിന്റെ പശ്ചാത്തലം മനോഹരമായി ആവിഷ്‌കരിച്ച സൗദി ഇന്ത്യന്‍ ഫ്യൂഷനോടെയായിരുന്നു മഹോത്സവത്തിന്റെ തുടക്കം.സൗത്തുല്‍ മംലക്ക ഫോക് ആര്‍ട്‌സ് ട്രൂപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന തനത് സൗദി നൃത്തരൂപങ്ങള്‍, സദസ്സിനെ ഇളക്കിമറിച്ചു. ഫാദി സഅദ് അല്‍ഹോസാവിയുടെ നേതൃത്വത്തില്‍ 15-അംഗ സംഘം ബഹ് രി, മിസ്മാരി, ഖുബൈത്തി, ജിസാനി, ഖുത്‌വ ജനൂബിയ എന്നീ അഞ്ചിനം പാരമ്പര്യ സംഗീത നൃത്തരൂപങ്ങളുമായി തിമര്‍ത്താടിയപ്പോള്‍ സദസ്സ് ഇളകിമറിഞ്ഞു. അറബ് നര്‍ത്തകര്‍ വേദിയില്‍നിന്ന് ഇറങ്ങിവന്ന് കോണ്‍സല്‍ ജനറലിനെ ചേര്‍ത്തുനിര്‍ത്തി താളം പിടിച്ചത് ഹൃദ്യാനുഭവമായി.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം തുറന്നുകാട്ടുന്ന വ്യത്യസ്ത കലാരൂപങ്ങളുമായി നൂറിലേറെ ഇന്ത്യന്‍ കുരുന്നു-കൗമാരപ്രതിഭകള്‍ അരങ്ങില്‍ വിസ്മയം തീര്‍ത്തു.

കഥക്, പഞ്ചാബി, ഒഡിസ സാംബല്‍പുരി, ഗുജറാത്തി നൃത്തങ്ങള്‍ക്കൊപ്പം ഭരതനാട്യവും വേറിട്ട അനുഭവമായി.

 ഗുഡ്‌ഹോപ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് അക്കാദമിയിലെയും ഫെനോം അക്കാദമിയിലെയും കലാപ്രതിഭകളുടെ ചുവടുവെപ്പുകളും മനോഹരമായി.

ജിജിഐ ലേഡീസ് വിംഗ് കണ്‍വീനറും പ്രശസ്ത കൊറിയോഗ്രഫറുമായ റഹ് മത്ത് മുഹമ്മദ് ആലുങ്ങല്‍ ചിട്ടപ്പെടുത്തിയ വെല്‍ക്കം ഡാന്‍സ്, ഒപ്പന, ഫ്യൂഷന്‍ ഒപ്പന, ട്രഡീഷനല്‍ ഒപ്പന, സൂഫി ഡാന്‍സ്, അറബിക് ഡാന്‍സ്, ഫ്യൂഷന്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവ സദസ്യരുടെ മനം കവരുന്നതായി.

പ്രമുഖ ഗായകരായ സിക്കന്തര്‍, ജമാല്‍ പാഷ, മുംതാസ് അബ്ദുറഹ്‌മാന്‍, സോഫിയാ സുനില്‍, ശിഫാന ഷാജി എന്നിവരുടെ ഗാനാലാപനം ഏറെ ഹൃദ്യമായിരുന്നു.


ജിജിഐ ചീഫ് കോഓര്‍ഡിനേറ്റര്‍മാരായ കബീര്‍  കൊണ്ടോട്ടി, അബു കട്ടുപ്പാറ, വൈസ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, വൈസ് പാട്രണ്‍ കെ.ടി. അബൂബക്കര്‍, സെക്രട്ടറിമാരായ അല്‍മുര്‍ത്തു, ഹുസൈന്‍ കരിങ്കറ, ഇബ്രാഹിം ശംനാട്, അഷ്‌റഫ് പട്ടത്തില്‍, നൗഷാദ് താഴത്തെവീട്ടില്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, ഗഫൂര്‍ കൊണ്ടോട്ടി, നജീബ് പാലക്കാത്ത്, സുബൈര്‍ വാഴക്കാട്, മന്‍സൂര്‍ വണ്ടൂര്‍, എ.പി.എ ഗഫൂര്‍, മുബഷിര്‍ പാലത്തിങ്ങല്‍, ഫൈറൂസ് കൊണ്ടോട്ടി, ജെസി ടീച്ചര്‍, ഷിബ്‌ന ബക്കര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍, ആയിഷ റുഖ്‌സാന ടീച്ചര്‍, നാസിറ സുല്‍ഫി, അനീസാ ബൈജു, ഷബ്‌നാ കബീര്‍,  റിസാനാ നജീബ് , മാജിദാ മുഹമ്മദ് കുഞ്ഞി തുടങ്ങിയ ജിജിഐ അംഗങ്ങള്‍ക്കൊപ്പം ഇതര ഒഫീഷ്യലുകളും  ഫെസ്റ്റിവലിന് നേതൃത്വം നല്‍കി.

Advertisment