സൗദി മലയാളി സമാജം മൊയ്തു പടിയത്ത് അനുസ്മരണം സംഘടിപ്പിച്ചു

New Update
4d3f1bb2-74bb-44ac-8053-9536507fadfc

ദമ്മാം:  "കുട്ടിക്കുപ്പായം" ഉൾപ്പെടെയുള്ള പ്രസിദ്ധ രചനകൾ മലയാളത്തിന് നൽകിയ  പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്തിനെ സൗദിയിലെ മലയാളി കൂട്ടായ്മ  അനുസ്മരിച്ചു.   സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ്  അനുസ്മരണം സംഘടിപ്പിച്ചത്.   മലയാള സാഹിത്യ - ചലച്ചിത്ര മേഖലകളിൽ  മികച്ച  സംഭാവനകള്‍ നല്‍കിയ  മൊയ്തു പടിയത്ത്  ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ എഴുത്ത്കാരനായിരുന്നുവെന്ന് അനുസ്‌മരണ പ്രഭാഷണം നിർവഹിച്ച മലയാളി സമാജം പ്രസിഡന്റ്  സാജിദ് ആറാട്ടുപുഴ പറഞ്ഞു.  ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷനായിരുന്നു.

Advertisment

ജനഹൃദയങ്ങള്‍ കീഴടക്കിയ ലളിതമാര്‍ന്ന ഭാഷാശൈലിയായിരുന്നു യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള മൊയ്തു പാടിയത്തിന്റെ  രചനകൾ.   തന്റെ കൃതികളിലൂടെ ആനുകാലിക  സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പോരാടി.  

മൊയ്തു പടിയത്തിന്റെ  പ്രശസ്ത രചനകളായ ഉമ്മ, യത്തീം, കുട്ടിക്കുപ്പായം, തുടങ്ങിയവയവയിൽ നിറഞ്ഞു നിൽക്കുന്നത്  അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കും, ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ വിമര്‍ശനങ്ങളും, താക്കീതുകളുമായിരുന്നുവെന്നും  അതെല്ലാം  അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിലും, സമുദായത്തിലും വലിയ പ്രതികരണങ്ങൾക്കാണ്  വഴിവെച്ചതെന്നും  സാജിദ് ആറാട്ടുപുഴ  വിവരിച്ചു.

മണ്‍മറഞ്ഞ മഹാപ്രതിഭയായ മൊയ്തു പടിയത്തിനെ  കുറിച്ചുള്ള സ്മരണ പുതിയ തലമുറയിൽ നിലനിർത്താൻ വേണ്ടി  മലയാളി സമാജത്തിന്റെ ശ്രമത്തെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പ്രവിശ്യയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരികപ്രവര്‍ത്തകരായ അല്‍മുന ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ പാലക്കോത്ത്, അഷ്റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവര്‍ സംസാരിച്ചു. 

സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍ നായര്‍, ഫെബിനാ നജ്മുസ്മാന്‍, ലീന ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പരിപാടിക്ക്  നേതൃത്വം നല്‍കി.  ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.  ഡോ. അമിതാ ബഷീര്‍ അവതാരകയായിരുന്നു.

Advertisment