സൗദി മലയാളി സമാജം "പ്രവാസ മുദ്ര" പുരസ്കാരം സക്കറിയക്ക് സമ്മാനിച്ചു

New Update
56038d5e-1f2f-4313-b28f-d17c8f224798

ജിദ്ദ: ദമ്മാമിൽ അരങ്ങേറിയ സൗദി മലയാളി ലിറ്റററി ഫെസ്റ്റിൽ  സൗദി മലയാളി സമാജം ഏർപ്പെടുത്തിയ  അഞ്ചാമത് "പ്രവാസ മുദ്ര" പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ഡോ. പോൾ സക്കറിയക്ക് സമ്മാനിച്ചു.   ഉദ്ഘാടന വേദിയിൽ വെച്ച്  ഉദ്‌ഘാടകൻ കൂടിയായ  പ്രശസ്ത സാഹിത്യകാരൻ പെരുമാൾ മുരുകനിൽ നിന്ന്  സക്കറിയ  അവാർഡ്  ഏറ്റുവാങ്ങി.  

Advertisment

18 വർഷം മുമ്പ് സൗദി സന്ദർശിച്ച ശേഷം എഴുതിയ  "നബിയുടെ നാട്ടിൽ" എന്ന പുസ്തകം,  പ്രവാസത്തിെൻറ നേർക്കാഴ്ചകൾ പകർത്തിയ അദ്ദേഹത്തിന്റെ  യാത്രാവിവരണങ്ങൾ എന്നിവയാണ്  സക്കറിയയെ  അവാർഡിന്‌ അർഹനാക്കിയത്.   എഴുത്തുകാരായ ജമാൽ കൊച്ചങ്ങാടി, ടി പി സെയ്തലവി, നദീം നൗഷാദ് എന്നിവരടങ്ങുന്ന ജൂറിയാണ്  അദ്ദേഹത്തെ  പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.  

രണ്ട് വർഷം കൂടുമ്പോൾ സൗദി മലയാളി സമാജം സമ്മാനിക്കുന്ന 50,000 രൂപയും ഫലകവും അടങ്ങുന്ന "പ്രവാസ മുദ്ര" പുരസ്കാരം  പ്രവാസത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ കലാപ്രവർത്തനങ്ങൾ പരിഗണിച്ചാണ്  സമ്മാനിക്കുക.   എഴുത്തുകാരായ  പി സുരേന്ദ്രൻ, രാമനുണ്ണി, ‘പത്തേമാരി’ സിനിമ സംവിധായകൻ സലീം അഹമ്മദ്, എം. മുകുന്ദൻ എന്നിവരാണ്  ഇതിന് മുമ്പ്  "പ്രവാസ മുദ്ര"   സ്വന്തമാക്കിയവർ.

സൗദിയുടെ ഉള്ളറകളിലുടെ താൻ നടത്തിയ യാത്രയുടെ നിറവുകളായ   "നബിയുടെ നാട്ടിൽ" എന്ന പുസ്തകം  അതേ  മണ്ണിലെ  സാഹിത്യ കൂട്ടായ്മയിലൂടെ  പുരസ്കൃതമാകുന്നുവെന്നതിൽ  അതിയായ  സന്തോഷമുണ്ടെന്ന്  അവാർഡ് സ്വീകരിച്ചുകൊണ്ട്  സക്കറിയ പറഞ്ഞു.  ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു.   മാലിക് മഖ്ബൂൽ അവാർഡ് പരിചയപ്പെടുത്തി.

എഴുത്തുകാരായ രാജശ്രീ, അഖിൽ ധർമജൻ, റഹ്മാൻ കിടങ്ങയം, ഷെമി, സജി മാർക്കോസ്, ജലീലിയോ, സിമി സീതി, ഫെബിന സമാൻ എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. 

ഡോ. അജി വർഗ്ഗീസ്, നവ്യ ടീച്ചർ എന്നിവർ അവതാരകരായിരുന്നു.  കല്ല്യാണി ബിനു  ആലപിച്ച  പ്രാർഥനാ ഗാനത്തോടെയായിരുന്നു തുടക്കം.

Advertisment