/sathyam/media/media_files/2025/02/24/YaPOCZWbfMKTPOFg59kX.jpeg)
മനാമ: പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുമെന്നും അതിനായി ബന്ധപ്പെട്ടവരിലേക്ക് വിഷയങ്ങള്‍ എത്തിക്കുമെന്നും പുനര്‍ നടപടികള്‍ക്കായി പിന്തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ മനാമയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും മറ്റു വിഷയങ്ങള്‍ സൂചിപ്പിച്ചതായും ഷാഫി പറഞ്ഞു. ബഹ്‌റൈനില്‍ യു.ഡി.ഫ് ആര്‍.എം.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷാഫി.
പ്രവാസികളുടെ ടിക്കറ്റ് വിലയിലെ കൊള്ള, പ്രവാസി നികുതി ആനുകൂല്യങ്ങള്‍ നിഷേധിക്കല്‍, ലഗേജിന്റെ കാര്യത്തിലുള്ള പ്രശ്‌നങ്ങള്‍, മരണ ശേഷം ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ വേഗത്തിലാക്കല്‍, പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിന്റെ കാലതാമസം തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ക്കായി ശ്രമിക്കുമെന്നും അതിന്റെ തീരുമാനങ്ങള്‍ക്കായി വിഷയത്തെ നിരന്തരം പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണം പലിശക്കെടുക്കുന്നവരും ഈടായി പാസ്‌പോര്‍ട്ട് നല്‍കുന്നതുമായ സംഭവങ്ങളില്‍ പ്രവാസികള്‍ വിട്ടുനില്‍ക്കണമെന്നും പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തിയ മലയാളികളടക്കമുള്ളവര്‍ അത് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് എയര്‍ കോഴിക്കോട്ടേക്കുള്ള സര്‍വിസ് കുറച്ച കാര്യത്തില്‍ എംബസിയുമായും ഏവിയേഷന്‍ മന്ത്രിയുമായും ഞങ്ങള്‍ സംസാരിച്ചിരുന്നു. അടുത്ത പത്താം തീയതി തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളന സമയത്ത് ഗള്‍ഫ് എയര്‍ പ്രതിനിധികളുമായി മന്ത്രിയുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്താമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഈ കാര്യങ്ങളിലെല്ലാം ഒരു തീരുമാനമെടുക്കാനുള്ള അധികാരം എനിക്കില്ലായെന്നും എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുക എന്നും അത് ഞാന്‍ ചെയ്യുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിനുള്ള പോയന്റ് ഓഫ് കാള്‍ പദവി വ്യക്തമായ ലോബി മൂലം നഷ്ടപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള തീരുമാനത്തിനായി കണ്ണൂര്‍ എം.പി കെ. സുധാകരനുമൊന്നിച്ച് ഞങ്ങള്‍ ബന്ധപ്പെട്ട മന്ത്രിയെ കണ്ടിരുന്നുവെന്നും ഷാഫി പറഞ്ഞു. ഒരു പരീക്ഷണം എന്ന നിലക്ക് കുറഞ്ഞ കാലത്തേങ്കിലും ആ പദവി കണ്ണൂര്‍ എയര്‍പോര്‍ട്ടിന് നല്‍കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഷാഫി പറഞ്ഞു.