/sathyam/media/media_files/tTKQPI8vKx1QoYS8ed5C.jpg)
ഷാർജ: അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍ററിൽ ആദ്യമായി അറേബ്യൻ വരയാട് (അറേബ്യൻ താർ)ജനിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്ത കേന്ദ്രത്തിലായിരുന്നു അറേബ്യൻ വരയാട് പിറന്നത്.
അപൂർവ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാനും അറേബ്യൻ വരയാട് ഉൾപ്പെടെയുള്ള വംശനാശഭീഷണി നേരിടുന്ന ഇപിഎഎയുടെ ദർശനങ്ങളുടെയും ലക്ഷ്യങ്ങളുടെയും നേട്ടം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് അൽ ഹെഫയ്യ മൗണ്ടൻ കൺസർവേഷൻ സെന്‍റർ.
പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ ഷാർജയുടെ മുൻനിര സ്ഥാനം മെച്ചപ്പെടുത്തുന്നതിനും പ്രകൃതി ജീവിതവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക തന്ത്രങ്ങളെ പിന്തുണയ്ക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പുനരുൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഷാർജയുടെ പദ്ധതികൾ ലക്ഷ്യമിടുന്നു.
പ്രജനനത്തിന് അനുയോജ്യമായ പ്രകൃതിദത്തമായ അന്തരീക്ഷം പ്രദാനം ചെയ്തുകൊണ്ട് ഈ ഇനത്തെ ഹജർ പർവതങ്ങളിൽ പുനരവതരിപ്പിക്കുന്നതിൽ കേന്ദ്രം വിജയിച്ചു. ഷാർജയുടെ കിഴക്കൻ മേഖലയിലെ പർവത പരിസ്ഥിതി സംരക്ഷണ മേഖലയിലെ കേന്ദ്രത്തിലെ ടീമിന്‍റെ ശ്രമങ്ങളെ അധികൃതർ പ്രശംസിച്ചു.
8 മുതൽ 16 വർഷം വരെ ആയുസ്സാണ് അറേബ്യൻ വരയാടിനുള്ളത്. 15 മുതൽ 40 കിലോഗ്രാം വരെ ഭാരവുമുള്ള ചെറിയ ഗ്രൂപ്പുകളായി ജീവിക്കുന്ന അറേബ്യൻ വരയാട് ലസ്രോതസ്സുകൾക്ക് സമീപമുള്ള പരുക്കൻ പർവത ചരിവുകളിലാണ് കൂടുതലായി കാണപ്പെടുന്നത്. വെള്ളം, പുല്ല്, ചെറിയ കുറ്റിച്ചെടികൾ, ഇലകൾ, കാട്ടുപഴങ്ങൾ എന്നിവയാണ് ഇവയുടെ ഇഷ്ടഭക്ഷണം.