സ്വിറ്റ്സർലണ്ട്: സ്വിറ്റ്സർലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട്, ബി ഫ്രണ്ട്സിൻ്റെ ചാരിറ്റി പ്രൊജക്ടായ ഐ ഷെയർ ചാരിറ്റി ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വരുമ കാഞ്ഞിരപ്പള്ളിയുടെ സഹകരണത്തോടെ മഞ്ഞപ്പള്ളിയിൽ നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം ബി ഫ്രണ്ട്സിൻ്റെ മുൻ പ്രസിഡൻറും ചാരിറ്റി കോർഡിനേറ്ററുമായ ടോമി തൊണ്ടാംകുഴി നിർവ്വഹിച്ചു.
മഞ്ഞണിഞ്ഞ പാതിരാവിൽ കാലിതൊഴുത്തിൽ ഭൂജാതനായ ക്രിസ്തുദേവൻ പകർന്നു നൽകിയ സ്നേഹവും, സഹജീവാനുകമ്പയും മാതൃകയാക്കിയ ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് ഈ സ്നേഹസമ്മാനം ആ കുടുംബത്തിന് കൈമാറുമ്പോൾ ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ട് എന്ന സംഘടനയിലെ ഒരോ അംഗങ്ങൾക്കും ആത്മാഭിമാനത്തിൻ്റെയും, സന്തോഷത്തിൻ്റെയും ദിനങ്ങളായി ഈ ക്രിസ്തുമസ് മാറുന്നു വെന്ന് ടോമി തൊണ്ടാംകുഴി പറഞ്ഞു.
നാടും, വീടും വിട്ട് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വന്തം നാടിൻ്റെ നൊമ്പരങ്ങളോട് ചേർന്നു നിൽക്കുന്നവരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സ്വരുമ കാഞ്ഞിരപ്പള്ളിയുടെ പ്രസിഡൻ്റ് മുഹമ്മദ് റിയാസ് പറഞ്ഞു.
ഈ വീടിൻ്റെ നിർമ്മാണാവശ്യം ബി ഫ്രണ്ട്സിൻ്റെ മുൻപിൽ അവതരിപ്പിച്ചത് മഞ്ഞപ്പള്ളിയിലെ ജനങ്ങൾ ഏറെ സ്നേഹിച്ചിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല തെക്കേമുറിയാണ്. വിമല ചേച്ചിയുടെ നല്ല ഓർമ്മകൾക്ക് മുൻപിൽ ബി ഫ്രണ്ട്സ് പ്രണാമമർപ്പിച്ചു. സിബി സെബാസ്റ്റ്യൻ സ്വാഗതവും ബാബു വേതാനി നന്ദിയും പറഞ്ഞു.
ബി ഫ്രണ്ട്സ് അംഗങ്ങളായ ജോജോ വിച്ചാട്ട്, ജോർജ് ദേവസ്യ നെല്ലൂർ, സ്വരുമ കാഞ്ഞിരപ്പള്ളിയുടെ ഭാരവാഹികളായ സ്കറിയാച്ചൻ ഞാവള്ളിൽ, റോയി വാലുമണ്ണേൽ, ജയിംസ് തൂങ്കുഴി, ഈ വീട് പണിയുന്നതിനുവേണ്ടി ചെറുതും വലുതുമായ സഹായങ്ങൾ ചെയ്ത കറിയാച്ചൻ ഞാവള്ളിൽ, റെജി തെക്കേമുറി, ജോജി ഇലഞ്ഞിമറ്റത്തിൽ, ജോം കലൂർ, മനോജ് കപ്പലുമാക്കൽ, സിബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ പ്രൊജക്ടിന് മേൽനോട്ടം വഹിച്ചു സഹകരിച്ച് പ്രവർത്തിച്ച ജെയിംസ് തെക്കേമുറിയ്ക്ക് ബാബു വേതാനി നന്ദി പറഞ്ഞു.
ബി ഫ്രണ്ട്സ് സ്വിറ്റ്സർലണ്ടിൻ്റെ പ്രസിഡൻ്റ് ലൂസി വേഴേപറമ്പിൽ, സെക്രട്ടറി പുഷ്പ തടത്തിൽ എന്നിവര്‍ വീഡിയോ കോളിലൂടെ കുടുംബത്തിന് ആശംസകൾ നേർന്നു.