ഇന്ത്യൻ രൂപയുടെ കഷ്ടകാലം, പ്രവാസികൾക്ക് ഇഷ്ടകാലം ; ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 90 കടന്നു

New Update
4666

ജിദ്ദ: യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്  ഇപ്പോഴുള്ളത്.  

Advertisment

ചരിത്രത്തിലാദ്യമായി അമേരിക്കൻ ഡോളറിനെതിരെ  ഇന്ത്യൻ രൂപയുടെ  വിനിമയ നിരക്ക് 90 കടന്നു.    ഡിസം. 3ൽ രൂപ - ഡോളർ  വിനിമയ നിരക്ക് 90.25  എന്നതാണ്.   ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, യു എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യൻ  രൂപ സമ്മർദ്ദത്തിലാണ്. 

ഇന്ത്യൻ രൂപയുടെ മൂല്യം  പിടിച്ചു നിർത്താനുള്ള   റിസർവ്  ബാങ്ക് ഓഫ് ഇന്ത്യയുടെ  ഇടപെടലുകൾ  നിഷ്ഫലമാവുകയാണ്.   ഡോളർ നാൾക്ക് നാൾ  ശക്തിപ്രാപിക്കുകായും  ഗൾഫ്  കറൻസികളുടെ  എക്സ്ചേഞ്ച് റേറ്റ് കുത്തനെ  ഉയരുകയും ചെയ്യുന്നു എന്നതാണ്  ഇപ്പോഴും  തുടരുന്ന ഗതി.

കുവൈറ്റ് ഒഴിച്ച്  മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലെയും കറൻസികൾ  യുഎസ് ഡോളറുമായി സ്ഥിരമായ ഒരു നിരക്കിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ,  ഡോളറുമായുള്ള  വിനിമയത്തിലെ ഇന്ത്യൻ രൂപയുടെ  മൂല്യത്തകർച്ച  ഈ കറൻസികളുമായുള്ള വിനിമയ നിരക്കുകളിലും പ്രതിഫലിക്കും.   ഏറ്റവും പുതിയ  ഇന്ത്യൻ - ഗൾഫ്  കറൻസി  വിനിമയ  നിരക്ക്  ഏകദേശം ഇപ്രകാരമാണ്:

സൗദി റിയാൽ (23.90), കുവൈറ്റി ദിനാർ (292.93), ബഹ്‌റൈനി ദിനാർ (238.39), ഒമാനി റിയാൽ (234.30), യുഎഇ ദിർഹം (24.41),  ഖത്തർ റിയാൽ (24.62), 

money kuwait

അതേസമയം, ഈ സാഹചര്യം വിദേശ മലയാളികൾ  നാട്ടിലേക്ക് പണം ഒഴുക്കുകയാണെന്നാണ്  റിപ്പോർട്ടുകൾ.   വിദേശ കറൻസികൾ  നാട്ടിലെത്തുമ്പോൾ  മുമ്പില്ലാത്ത  വലിയ സംഖ്യയായി മാറുകയാണ്.   ഈ അനുകൂല  സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുകയാണ്  ഗൾഫിലും മറ്റു വിദേശങ്ങളിലുമുള്ള മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യൻ പ്രാവാസികൾ.

അഥവാ, ഇന്ത്യൻ രൂപ ദുർബലമാകുന്നതിലൂടെ  രാജ്യം മ്ലാനതയിൽ  മുങ്ങുമ്പോൾ  അതിൽ സന്തോഷിക്കുന്ന വിഭാഗം  രാജ്യത്തിന്റെ  സമ്പദ് വ്യവസ്ഥയ്ക്ക്  കരുത്തേകുന്ന  വിഭാഗം തന്നെയാണെന്നതാണ്  രസകരം.    

പ്രത്യേകിച്ച്, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ  പ്രവാസികളുടെ പണത്തിന് നിർണ്ണായകമായ  പങ്കാണുള്ളത്.  വിദേശ പണത്തിൻ്റെ വരവ് സംസ്ഥാനത്തിന്റെ ഉപഭോഗം വർദ്ധിപ്പിക്കുകയും സാമ്പത്തിക മേഖലയെ സജീവമായി നിലനിർത്തുകയും ചെയ്യുന്നു.  രൂപയുടെ മൂല്യം ഇടിയുമ്പോൾ ഈ പണത്തിന്റെ വരവ് കൂടുകയും, അത് കേരളത്തിലെ പണലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചുരുക്കത്തിൽ, രൂപയുടെ നിലവിലെ മൂല്യം വിദേശ മലയാളികൾക്ക് ഒരു സാമ്പത്തിക അവസരം കൂടിയാണ്.   ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാനും  പ്രവാസികളുടെ റെമിറ്റൻസ്  ഉപകരിക്കുന്നു.

മറ്റൊരു കാര്യം, വൻ വിലക്കയറ്റമാണ്  രാജ്യത്തെ  കാത്തിരിക്കുന്നതെന്നതും  യാഥാർഥ്യമാണ്.   രൂപയുടെ മൂല്യം ഇടിയുന്നത്തോടെ  ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക്  വില കൂടും.   ഇതിൽ  മുഖ്യം ക്രൂഡ് ഓയിൽ തന്നെ.  ഇന്ധനന വില വർദ്ധന  ജനജീവിതത്തെ  നേരിട്ട് തന്നെ  ബാധിക്കുമെന്ന്  പറയേണ്ടതില്ലല്ലോ.   അതുപോലെ, സ്വർണം, ഇലക്ട്രോണിക്  വസ്തുക്കൾ  എന്നിവയുടെയും  വില  കൂടും.

e3ae7790-a9d0-4a6b-ab70-9ad6cb54569e

അതേസമയം,  രൂപയുടെ മൂല്യത്തകർച്ച പ്രവാസികളുടെ മിച്ചം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഈ പണം വിവേകത്തോടെ കൈകാര്യം  ചെയ്യുന്നുണ്ടോ എന്നതാണ്  പ്രധാനം എന്ന്  സാമ്പത്തിക രംഗത്തുള്ളവർ  പ്രവാസികളെ  ഉപദേശിക്കുന്നു.   ഉയർന്ന വിനിമയ നിരക്കിൽ ലഭിക്കുന്ന പണം ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം, ദീർഘകാല നിക്ഷേപ അവസരങ്ങൾക്ക്  വേണ്ടിയും  നന്നായി  പ്രയോജനപ്പെടുത്തുമെങ്കിൽ  എന്ന്  ആശിക്കുകയാണ്  ഇക്കൂട്ടർ

Advertisment