/sathyam/media/media_files/2025/12/26/339e34bf-c424-4a9d-8a23-e24d6b9e5aec-2025-12-26-14-57-45.jpg)
ദമ്മാം: അന്തരിച്ച പ്രമുഖ മലയാള നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. ശ്രീമതി ലീനാ ഉണ്ണികൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
നാൽപ്പത് വർഷത്തിലേറെയായി മലയാളികളെ സ്വന്തം എഴുത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത, ഗൗരവമാർന്ന വിഷയങ്ങളെ നർമ്മത്തിന്റെ മേമ്പടിയോടെ സരസമായ ശൈലിയിൽ ജനശ്രദ്ധയിൽ കൊണ്ടുവന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം അനുസ്മരിച്ചു.
സിനിമയുടെ ഉള്ളടക്കത്തിനുപരി, നായകസങ്കല്പത്തെയും മാറ്റിയെഴുതി, സാധാരണ മനുഷ്യരുടെ ജീവിതത്തേ സിനിമയോട് ചേർത്തുനിർത്തിയ ജനകീയ സിനിമകളുടെ വക്താവാ യിരുന്നു അദ്ദേഹം. യഥാർത്ഥ കലാകാരൻ എങ്ങനെ ആയിരിക്കണം എന്ന് ജീവിച്ചു കാണിച്ചു തന്ന മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയും ആയ അതുല്യ വ്യക്തിത്വമായിരുന്നു ശ്രീനിവാസൻ.
നമ്മുടെ നിത്യജീവിതത്തിലെ സന്ദർഭങ്ങളെയും ചുറ്റുപാടുകളെയും ഇത്ര തന്മയത്വ ത്തോടെ അതിശയോക്തി കലർത്താതെ സ്വാഭാവികമായ രീതിയിൽ സിനിമയിലേക്ക് പകർത്തിയ മറ്റൊരു എഴുത്തുകാരൻ ഉണ്ടാകില്ല. അദ്ദേഹം സൃഷ്‌ടിച്ച കഥാപാത്രങ്ങളും എഴുതിയ സംഭാഷണങ്ങളും ഇന്നും മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹം സൃഷ്ടിച്ച ചിരി വിനോദത്തിനേക്കാൾ, സാധാരണക്കാരന്റെ വേദനയുടെയും, സ്വപ്നങ്ങളുടെയും, സമൂഹത്തിലെ വൈരുദ്ധ്യങ്ങളുടെയും പ്രതിഫലനമായിരുന്നു. ചെയ്‌ത്‌വെച്ചു പോയ കഥാപാത്രങ്ങളിലൂടെ അതിലുപരി തന്റെ കഥകളിലൂടെ അദ്ദേഹം എന്നും നമ്മൾക്കിടയിൽ ജീവിക്കുമെന്ന് അനുസ്മരണത്തിൽ പങ്കെടുത്തവർ ഒന്നുപോലെ അഭിപ്രായപ്പെട്ടു.
ജോയ് തോമസ്, അനിൽ റഹിമ, മോഹൻ വസുധ, ബിജു പൂതക്കുളം, നവാസ്, സാലു എസ്, ബൈജുരാജ്, ജയൻ ജോസഫ്, സമദ് കൂടല്ലൂർ, സീനത്ത് സാജിദ്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, ഷാക്കിറാ ഹുസൈൻ, റസാന, സരള ജേക്കബ്, ലിസി ജോയ് മാത്യു റോക്കി, സുന്ദരൻ, ബിനിൽ അശോകൻ തുടങ്ങി ഒട്ടനവധി പേർ അനുസ്മരണപരിപാടിയുടെ ഭാഗമായി ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, റൗഫ് ചാവക്കാട്, ഹുസൈൻ ചമ്പോളിൽ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ബൈജു കുട്ടനാട്, ഉണ്ണികൃഷ്ണൻ, ബിനു കുഞ്ഞ്, ഹുസ്നാ ആസിഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us