ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം: ഒട്ടേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി യുഎഇ

ഇസ്രയേലിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു.

New Update
uae flight cancel

ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ യുഎഇയില്‍ നിന്നുള്ള ചില വിമാന സര്‍വീസുകളെ ബാധിച്ചതായി എയര്‍ലൈനുകള്‍. അബുദാബിക്കും ടെല്‍ അവീവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഇത്തിഹാദ് എയര്‍വേയ്‌സിന്റെ EY593/EY594 വിമാനങ്ങള്‍ റദ്ദാക്കി. ഈ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം യാത്രാ ക്രമീകരണങ്ങളില്‍ സഹായം നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളാണം് ഇത്താഹാദ് പരിഗണിച്ചത്. 

Advertisment

ഇസ്രയേലിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും എയര്‍ലൈന്‍ വക്താവ് പറഞ്ഞു. അധികാരികളുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നും വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. നേരത്തെ ഒക്ടോബര്‍ ഏഴിന് FZ 1625/1626, FZ 1807/1808 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈദുബായ് അറിയിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 8 മുതല്‍ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു വിവരം. 

ടെല്‍ അവീവിലേക്ക് ദിവസേന മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ദുബായുടെ മുന്‍നിര വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്റെ സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ല. ''ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ'' ടെല്‍ അവീവ് വിമാനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍ ഫ്രാന്‍സ് അറിയിച്ചു. എയര്‍ ഫ്രാന്‍സ്-കെഎല്‍എം ഗ്രൂപ്പിന്റെ കുറഞ്ഞ നിരക്കിലുള്ള കാരിയറായ ട്രാന്‍സ്വിയയും ശനിയാഴ്ച വൈകുന്നേരം പാരീസില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനം റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയും രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കും ടെല്‍ അവീവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ളതുമായ വിമാനങ്ങളാണ് എയര്‍ഇന്ത്യ റദ്ദാക്കിയത്.

ഇതിനിടെ ഇസ്രയേലിനെതിരായ പലസ്തീന്‍ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തില്‍ ഇറാന്റെ പങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണം ആസൂത്രണം ചെയ്യാന്‍ ഇറാന്‍ സഹായിച്ചതായും, കഴിഞ്ഞയാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന യോഗത്തില്‍ ആക്രമണത്തിന് അംഗീകാരം നല്‍കിയതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹമാസിലെയും, ഇറാന്‍ പിന്തുണയുള്ള മറ്റൊരു ഗ്രൂപ്പായ ഹിസ്ബുള്ളയിലെയും മുതിര്‍ന്ന അംഗങ്ങളെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ഏറ്റവും ശക്തമായ സൈന്യമായ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ഉദ്യോഗസ്ഥര്‍, കര, ആകാശം, കടല്‍ എന്നിവയിലൂടെ ഇസ്രായേലിനെതിരെ അവരുടെ ബഹുമുഖ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഓഗസ്റ്റ് മുതല്‍ ഹമാസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഐആര്‍ജിസി ഉദ്യോഗസ്ഥരും ഹമാസും ഹിസ്ബുള്ളയും ഉള്‍പ്പെടെയുള്ള ഇറാന്‍ പിന്തുണയുള്ള നാല് ഭീകരസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ബെയ്‌റൂട്ടിലെ നിരവധി യോഗങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ചര്‍ച്ചയായി. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ ഓഗസ്റ്റ് മുതല്‍ കുറഞ്ഞത് രണ്ട് യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്ന് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും അംഗങ്ങള്‍ പറഞ്ഞു.

latest news uae
Advertisment