ദുബൈ: യുഎഇയില്‍ ഫുട്‌ബോള്‍ കളിക്കിടെ അപകടകരമായ ഫ്‌ലയര്‍ ഉപയോഗിച്ചതിന് രണ്ടു പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍ നിരോധിച്ചിട്ടുള്ളതും കത്താന്‍ സാധ്യതയുള്ളതോ പൈറോടെക്‌നിക്‌സ് പോലുള്ളതോ ആയ അപകടകരമായ വസ്തുക്കളും സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങളിലോ പരിപാടി നടക്കുന്ന ഇടങ്ങളിലോ കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 ദിര്‍ഹം വരെ പിഴയും മൂന്നു മാസം വരെ തടവും ലഭിക്കുന്നതാണ്.
കായിക പരിപാടികള്‍ നടക്കുന്നയിടത്ത് അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ചതിന് നിരവധി പേരെ പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരത്തില്‍ നടക്കുന്ന എല്ലാ കായിക പരിപാടിയിലും കളിക്കാരുടെയും ആരാധകരുടെയും മറ്റ് അധികൃതരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് ഓപറേഷന്‍സ് അഫയേഴ്‌സ് അസി.കമാന്‍ഡന്റ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈഥി പറഞ്ഞു. ഇതിനായി പോലീസിന്റെ പ്രത്യേക യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലോ പരിപാടിക്കെത്തിയ കാണികളുടെ നേരെയോ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ എറിയുകയോ അധിക്ഷേപകരമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അല്‍ ഗൈഥി എടുത്തുപറഞ്ഞു.
ഇത്തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ പിഴയും തടവും ലഭിക്കുന്നതായിരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ദുബൈ പോലീസ് അറിയിച്ചു.