/sathyam/media/media_files/6c7EsqacjpoMqGzuc2Bd.jpg)
അബുദാബി: പെരുന്നാൾ അവധി ആഘോഷമാക്കി പ്രവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവേശന ഫീസില്ലാത്ത പാർക്കിലും ബീച്ചിലും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലുമുള്ള തിരക്ക് തീം പാർക്കുകളിലും അനുഭവപ്പെട്ടു. ഇൻഡോർ, ഔട്ഡോർ കേന്ദ്രങ്ങളെല്ലാം നിറഞ്ഞു.
അബുദാബിയിലെ ഏറ്റവും പുതിയ ആകർഷണമായ സ്നോ പാർക്ക്, സീ വേൾഡ്, അഡ്രിനാൾ അഡ്വഞ്ചർ, ഏബ്രഹാമിക് ഫാമിലി ഹോം, അബുദാബി നാഷനൽ അക്വേറിയം എന്നിവിടങ്ങളിലും യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾഡ്, ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, ക്ലൈംമ്പ് അബുദാബി എന്നിവയിലും ജനങ്ങൾ എത്തിയിരുന്നു.
അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ, ഏബ്രഹാമിക് ഫാമിലി ഹൗസ്, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് എന്നിവ സന്ദർശിക്കാനും തിരക്കേറി. ഏബ്രഹാമിന്റെ കുടുംബങ്ങളായ മുസ്‌ലിം, ക്രൈസ്തവ, ജൂത വിശ്വാസികളുടെ ആരാധനാലയങ്ങളായ ഇമാം അൽ ത്വയ്യിബ് മോസ്ക്, ഫ്രാൻസിസ് ചർച്ച്, മോസസ് ബിൻ മൈമൂൻ സിനഗോഗ് എന്നിവ ഒരു കുടക്കീഴിൽ ഒരുക്കിയത് വിനോദസഞ്ചാരികളെയും ആകർഷിച്ചു. തിരക്കു ക്രമാതീതമായതോടെ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ് ഏർപ്പെടുത്തി.
അൽഖനയിലെ അഡ്രിനാർക്ക് അഡ്വഞ്ചർ പാർക്ക് സാഹസിക വിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവരെക്കൊണ്ട് നിറഞ്ഞു. വെയിലാറും വരെ ഇൻഡോർ വിനോദ കേന്ദ്രങ്ങളിൽ കഴിഞ്ഞവർ സന്ധ്യയോടെ പാർക്കിലേക്കും ബീച്ചിലേക്കും നീങ്ങി.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിക്കെട്ടു കാണാനും ഒട്ടേറെ പേരെത്തി. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, അൽവത്ബ ലേക്ക്, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ റാസൽഖൈമയിലെ ജബൽ ജെയ്സ്, രണ്ടാമത്തെ പർവതമായ ജബൽ ഹഫീത്, അൽഐൻ ഒയാസിസ്, വിവിധ എമിറേറ്റിലെ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു.
അബുദാബി റീം മാളിൽ തുറന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ സ്നോ പാർക്കിന്റെ കുളിർമ തേടി എത്തിയ കുടുംബങ്ങളും കുറവല്ല.
മഞ്ഞുപർവതങ്ങൾ, തണുത്തുറഞ്ഞ തടാകം, വിപണി, കളിക്കളം, മഞ്ഞുവീഴ്ച എന്നിവയെല്ലാം സന്ദർശകരെ കോരിത്തരിപ്പിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പുകളിലൊന്നായ സൂപ്പർ സ്നേക്കിനെ കാണാനാണ് നാഷനൽ അക്വേറിയത്തിലേക്ക് ജനം ഇരച്ചുകയറിയത്. 115 കിലോ ഭാരമുള്ള പെൺപാമ്പിന് പുറമെ 300 ഇനത്തിൽപെട്ട 46,000 ജലജീവികളുമുണ്ട്.
ദുബായ് ഫ്രെയിം, ഫ്യൂചർ മ്യൂസിയം, ഷാർജ അൽനൂർ ഐലൻഡ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ ബീച്ചുകൾ, റാസൽഖൈമ അൽമർജാൻ ഐലൻഡ്, അബുദാബി ഹുദൈരിയാത് ബീച്ച്, മാംഗ്രൂവ് പാർക്ക്, അൽവത്ബ ലെയ്ക്, ഉമ്മുൽഇമറാത് പാർക്ക്, കോർണിഷ്, ജുമൈറ ബീച്ച് തുടങ്ങി പൊതു സ്ഥലങ്ങളിലാണ് കൂടുതൽ ജനത്തിരക്കുണ്ടായത്.