യുഎഇയിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ; നാളെ (ബുധനാഴ്ച) മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

സ്കൂളുകള്‍ ഇന്നും നാളെയും പഠനം ഓൺലൈനിലൂടെയാക്കുകയും ചെയ്തു

New Update
uae heavy rain

ദുബായ്: യുഎഇയിൽ പലയിടത്തും ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ. ഇന്നലെ (തിങ്കൾ) വൈകിട്ട് മുതൽ മഴ പെയ്തു തുടങ്ങിയിരുന്നെങ്കിലും ഇന്ന് പുലർച്ചെയോടെ ശക്തമാകുകയായിരുന്നു. നാളെ വരെ മഴ തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. 

Advertisment

ചിലയിടങ്ങളിൽ നേരിയ തോതിലും മറ്റുപലയിടത്തും ശക്തമായ മഴയുമാണ് പെയ്തത്. സ്കൂളുകള്‍ ഇന്നും നാളെയും പഠനം ഓൺലൈനിലൂടെയാക്കുകയും ചെയ്തു. നാളെ (ബുധനാഴ്ച) വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഇന്ന് മുഴുവൻ അബുദാബിയിലെയും ദുബായിലെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്രത്തിൻ്റെ റെയിൻ. എഇ കാലാവസ്ഥാ ചാർട്ട് കാണിക്കുന്നു. ബുധനാഴ്‌ച സ്ഥിതിഗതികൾ മെച്ചപ്പെടും.

അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ യുഎഇ നേരിടുകയാണെന്നും പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി. 

ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി. വ്യക്തികൾ വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.

ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് താഴ്‌വരകൾക്കും അണക്കെട്ടുകൾക്കും സമീപമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.

Advertisment