/sathyam/media/media_files/gyFcY6TrFf8ZwwDLHBCp.jpg)
അബുദാബി: വിദേശത്ത് ജനിച്ചു വളരുന്ന കുട്ടികൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് വേനൽ മഴയും നാടൻ കളികളും ഒക്കെയായിരിക്കും. ചുട്ടുപൊള്ളുന്ന ചൂടിൽ കഴിയുന്നവർക്ക് നാട്ടിൽ തിമിർത്ത് പെയ്യുന്ന മഴയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരാണുണ്ടാവുക. എന്നാലിതൊക്കെ ഇപ്പോൾ ഒരാഘോഷമാക്കി മാറ്റുകയാണ് ഗൾഫിലെ കുട്ടിക്കുരുന്നുകൾ.
യുഎഇയിൽ ഇന്നലെ പെയ്ത മഴയിൽ ഭൂരിഭാഗം പ്രദേശവും വെള്ളത്തിലായപ്പോൾ ആഘോഷമാക്കിയത് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ കുട്ടികളായിരുന്നു. അസ്ഥിര കാലാവസ്ഥയിൽ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും വെള്ളത്തിൽ കളിക്കുന്ന കുട്ടികളുടെ ആവേശം ആരും തണുപ്പിച്ചില്ല.
നാട്ടിലെ മഴക്കാഴ്ചകൾ ഗൃഹാതുര ഓർമകളായപ്പോൾ കിട്ടിയ അവസരത്തിൽ ആവോളം ആസ്വദിക്കുകയായിരുന്നു കുട്ടികൾ. രാവിലെ ഓൺലൈൻ ക്ലാസ് ആയിരുന്നതിനാൽ ഉച്ചയോടെയാണ് അവർ പുറത്തിറങ്ങിയത്. ഇതോടെ കൂട്ടുകാരെയും കൂട്ടി പുറത്തിറങ്ങിയ ഇവർ റോഡിൽ തളം കെട്ടിയ വെള്ളത്തിൽ ഓടിച്ചാടി കളിച്ചും വെള്ളം തെറിപ്പിച്ചും ഇരുന്നും കിടന്നുമെല്ലാം ആസ്വദിച്ചു. നടപ്പാതയും റോഡും ഏതെന്നു തിരിച്ചറിയാനാവാത്ത വിധമുള്ള വെള്ളക്കെട്ടിൽ നീരാടുകയായിരുന്നു കൊച്ചുകൂട്ടുകാർ.