/sathyam/media/media_files/2025/02/24/OtoLrs5tgUC3hoZ6UMQY.jpg)
അബുദാബി: അബുദാബിയുടെ ആകാശ വീഥികള്‍ സ്വന്തമാക്കാന്‍ പറക്കും ടാക്‌സികള്‍ ഉടനെത്തും. സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയില്‍ ഈ മാസം മുതല്‍ എയര്‍ ടാക്‌സികളുടെ പരീക്ഷണ പറക്കല്‍ നടക്കും.
അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചറിന്റെ മിഡ് നൈറ്റ് എയര്‍ ക്രാഫ്റ്റുകളാണ് പരീക്ഷണ പറക്കല്‍ നടത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ടാക്‌സികളുടെ സര്‍വീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
അബുദാബി ഏവിയേഷനും ആര്‍ച്ചര്‍ കമ്പനിയും തമ്മില്‍ പറക്കും ടാക്‌സികള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഈയിടെയാണ് ഒപ്പുവെച്ചത്. പൈലറ്റുമാര്‍ക്ക് എയര്‍ ടാക്‌സികള്‍ പറത്തുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും ടാക്‌സി നടത്തിപ്പിലും ആര്‍ച്ചര്‍ കമ്പനി അബുദാബി ഏവിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
സര്‍വീസിന്റെ പ്രാരംഭ ഘട്ടത്തില്‍ പൈലറ്റുമാരെയും സാങ്കേതിക പ്രവര്‍ത്തകരെയും എന്‍ജിനീയര്‍മാരെയും നല്‍കുമെന്ന് ആര്‍ച്ചര്‍ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, എയര്‍ ടാക്‌സി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിനുള്ള സാങ്കതിക സൗകര്യങ്ങളും ആര്‍ച്ചര്‍ കമ്പനി ഒരുക്കുന്നതായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.