/sathyam/media/media_files/EAgDYkGIvCJ12Z10jAsp.webp)
ദുബൈ: റമദാന്റെ ആദ്യ ദിനത്തില്‍ ഒന്‍പത് യാചകരെ ദുബൈ പോലീസ് പിടികൂടി. യാചക വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഇതില്‍ അഞ്ച് പേര്‍ പുരുഷന്മാരും നാല് പേര്‍ സ്ത്രീകളുമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കിക്കൊണ്ട് എമിറേറ്റിന്റെ പരിഷ്‌കൃത പ്രതിച്ഛായ സംരക്ഷിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയില്‍ ഭിക്ഷാടനം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ഭിക്ഷാടനത്തിനായി രാജ്യത്തിന് പുറത്ത് നിന്ന് ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നവരുമുണ്ട്.
ഇത്തരക്കാര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കും. കൂടാതെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുന്നതുമാണ്.
രാജ്യത്ത് യാചനാ വിരുദ്ധ കാമ്പയിന്‍ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തവും കര്‍ശനവുമായ നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഭിക്ഷാടകരുടെ എണ്ണത്തില്‍ വര്‍ഷം തോറും ഗണ്യമായ കുറവുണ്ടെന്നും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷനിലെ സസ്‌പെക്ട്‌സ് ആന്‍ഡ് ക്രമിനല്‍ ഫിനോമിന ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി സലിം അല്‍ ശംസി പറഞ്ഞു.
ഭിക്ഷാടനം ശ്രദ്ധയില്‍പ്പെടുന്നവര്‍ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്‌ഫോമിലോ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.