/sathyam/media/media_files/fgO0kWxotetshcTB1Wv5.jpg)
യുകെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവമായ യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഒക്ടോബർ 14 ശനിയാഴ്ച യുക്മയിലെ രണ്ട് പ്രമുഖ റീജിയണുകളായ ഈസ്റ്റ് ആംഗ്ളിയയിലും നോർത്ത് വെസ്റ്റിലും കലാമേള അരങ്ങേറും.
ഈസ്റ്റ് ആംഗ്ളിയ റീജിയൻ കലാമേള, റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിൽ യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. യുക്മ ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായിരിക്കും. യുക്മയുടെ ദേശീയ, റീജിയണൽ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും.
പതിനാലാമത് ഈസ്റ്റ് ആംഗ്ളിയ റീജിയൻ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യുക്മ ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ് ആംഗ്ളിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ, കലാമേള കോർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ എന്നിവർ അറിയിച്ചു.
യുക്മ റീജിയണുകളിലെ കരുത്തരായ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ അംഗ അസ്സോസ്സിയേഷനുകൾ മാറ്റുരക്കുന്ന ഈ കലാമേള മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു അപൂർവ്വ ദൃശ്യാനുഭവമായിരിക്കും എന്നതിൽ സംശയമില്ല. മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. വിവിധ വേദികളിലായി രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കത്തക്ക വിധത്തിലാണ് കലാമേള ക്രമീകരിച്ചിരിക്കുന്നത്.
യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണൽ കലാമേള വമ്പിച്ച വിജയമാക്കുവാൻ ഏവരേയും റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജയ്സൺ ചാക്കോച്ചൻ - 07403957439
ജോബിൻ ജോർജ്ജ് - 07574674480
അലോഷ്യസ് ഗബ്രിയേൽ - 07831779621.