മിഡ്‌ലാൻഡ്സ് കേരള കൾചറൽ അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷം വർണശബളമായി; ക്രിസ്മസ് മംഗളങ്ങൾ നേർന്നുകൊണ്ട് താള - വാദ്യ അകമ്പടിയോടെ ക്രിസ്മസ് കരോളും

New Update
1

വാൽസാൽ (യുകെ): മിഡ്‌ലാൻഡ്സ് മലയാളികളുടെ കൂട്ടായ്മയായ മിഡ്‌ലാൻഡ്സ് കേരള കൾചറൽ അസോസിയേഷൻ (MIKCA) സംഘടിപ്പിച്ച  ക്രിസ്മസ് - പുതുവത്സരാഘോഷം വർണശബളമായി. ജനുവരി 6 ന് ബിർമിങ്ഹാം വാൽസാലിലെ 'പെൽസാൽ കമ്മ്യൂണിറ്റി ഹാളി'ൽ വെച്ച് വൈകുന്നേരം 5 മണിക്ക് മുതലാണ് ആഘോഷ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

Advertisment

അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ബോബിൻ ഫിലിപ്പ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം സെബാസ്റ്റ്യന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് അസോസിയേഷൻ സെക്രട്ടറി  ഷിജു തോമസ് ഏവരെയും സ്വാഗതം ചെയ്തു.

4

ദൃശ്യ - താള - മേള സമന്വയത്തോടെ അവതരിപ്പിക്കപ്പെട്ട പാട്ടുകളും നൃത്തങ്ങളും മത്സരങ്ങളും ചേർന്ന കലാവിരുന്നുകൾ സദസ്സിനെ ആവേശഭരിതരാക്കി. വേദിയിൽ അരങ്ങേറിയ 'സാന്റ കോമ്പറ്റിഷനും'  കരോൾ ഗാന മത്സരങ്ങളും  നയന മനോഹരങ്ങളായിരുന്നു . കൂട്ടായ്മയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും വനിത അംഗങ്ങൾ അവതരിപ്പിച്ച സംഘ നൃത്തവും 'നെറ്റിവിറ്റി പ്രോഗ്രാ'മും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

വാദ്യഘോഷ അകമ്പടിയോടെ 'സാന്റ ക്ലോസ്' വേദിയിൽ എത്തിയതും കേക്ക് മുറിച്ചു മധുരം പങ്കുവെച്ചതും ഏറെ ഹൃദയമായി. നാടൻ വിഭവങ്ങൾ  കൊണ്ട് സമൃദ്ധമായ 'ക്രിസ്മസ് ഡിന്നറും' സംഘാടകർ ഒരുക്കിയിരുന്നു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. 

2

ശേഷം, അസോസിയേഷൻ സെക്രട്ടറി  ഷിജു തോമസ് വാർഷിക റിപ്പോർട്ടും ട്രഷറർ അഭിലാഷ് തോമസ്  ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന്, പുതിയ ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. അസോസിയേഷൻ പ്രസിഡന്റ്‌  ബോബിൻ ഫിലിപ്പ് നിലവിലെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും കൂട്ടായ്മയിലെ മറ്റ് അംഗങ്ങൾക്കും അവരുടെ അകമഴിഞ്ഞ സഹകരണങ്ങൾക്കും നന്ദി പറയുകയും, പുതിയ ഭരണസമിതിയുടെ ക്രിയാത്‌മകമായ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകൾ അറിയിക്കുകയും ചെയ്തു.

3
 
ബാൻഡ് വാദ്യങ്ങളുടെയും കരോൾ ഗാനങ്ങളുടെയും  അകമ്പടിയോടെ അസോസിയേഷന്റെ നേതൃത്വത്തിൽ നേരത്തെ അംഗങ്ങളുടെ ഭവനങ്ങളിലേക്ക് വർണ്ണാഭമായ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചിരുന്നു.

അസോസിയേഷൻ ട്രഷറർ  അഭിലാഷ് തോമസ് ചടങ്ങിന് നന്ദി അർപ്പിച്ചു. രാത്രി പത്ത് മണിയോടെ ആഘോഷപരിപാടികൾക്ക് സമാപനം കുറിച്ചു.

Advertisment