ഡാർട്ട്‌ഫോർഡിന് സമീപം പാൽ ലോറിക്ക് തീപിടിച്ചു; വൻ ഗതാഗത കുരുക്കിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ പരീക്ഷ മുടങ്ങി; പരീക്ഷ മുടങ്ങിയവരിൽ മെയ്‌ മാസം വിസ കാലാവധി അവസാനിക്കുന്ന വിദ്യാർത്ഥികളും

New Update
2

ഡാർട്ട്‌ഫോർഡിന് സമീപമുള്ള M25/A282 നും ബ്ലൂവാട്ടറിന് സമീപമുള്ള B255 നും ഇടയിലുള്ള കാര്യേജ്‌വേയിൽ വെച്ച് ഇന്നലെ രാവിലെ ഏഴരയോടെയാണ് പാൽ വണ്ടിക്കു തീ പിടിച്ചത്. 
തുടർന്നുണ്ടായ ഗതാഗത കുരുക്കിൽ A2 - വിന്റെ ഇരുവശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ ഹോസ് റീൽ ജെറ്റുകൾ ഉപയോഗിച്ച് തീ അണച്ചു. അപകടത്തെ തുടർന്നുണ്ടായ ഡീസൽ ചോർച്ച റോഡിൽ പരന്നത് റോഡിന്റെ ഉപരിതലത്തിൽ കേടു പാടുകൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ട്. 

Advertisment

ഏകദേശം ഒന്നര മൈലോളം ഗതാഗത തിരക്ക് ഉണ്ടാകുകയും യാത്രക്കാർർക്ക് സാധാരണ യാത്രാ സമയത്തേക്കാൾ 50 മിനിറ്റ് കാലതാമസം നേരിടുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

1

വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന്, യൂണിവേഴ്സിറ്റി ഓഫ് ഗ്രീൻവിച്ചിൽ പഠിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷ മുടങ്ങി. യൂണിവേഴ്സിറ്റിയുടെ ഷട്ടിൽ ബസ് യാത്ര പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കാണ്,  ഇന്നലെ രാവിലെ 9.30 ന് എഴുതേണ്ട പരീക്ഷ മുടങ്ങിയത്. ഗതാഗത കുരുക്കിൽ നിന്നും  പോലീസ് സഹായത്തോടെ  'ഡൈവേർട്ടഡ് റൂട്ടി' ലൂടെ വിദ്യാർത്ഥികളുമായി ബസ് എത്തിയപ്പോൾ പരീക്ഷയുടെ സമയം കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റിയിലെ വിവിധ ഡിപ്പാർട്മെന്റിലുള്ള വിദ്യാർത്ഥികൾക്ക് ഇങ്ങനെ ഇന്നലത്തെ പരീക്ഷ അവസരം നഷ്ടപ്പെട്ടു.

3

 ഇവരിൽ പലരും കഴിഞ്ഞ വർഷം ജനുവരിയിൽ അഡ്മിഷൻ നേടിയയവരും, ഈ വർഷം മെയ്‌ മാസത്തോടെ വിസ കാലാവധി കഴിയുന്നവരുമാണെന്നുള്ള വസ്തുത ആശങ്കൾ വർധിപ്പിക്കുന്നതാണ്. യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും ഉചിതമായ ഒരു സമീപനം സമയബന്ധിതമായി ഉണ്ടായില്ലെങ്കിൽ ഇവരുടെ മുന്നോട്ടുള്ള ഭാവി അപകടത്തിലാകും.

പുതിയ വിസ നിയമങ്ങൾ നിലവിൽ വന്നതിന്റെ ആശങ്ക നിലനിൽക്കുന്നതിനൊപ്പം പരീക്ഷ മുടങ്ങിയതും ഈ വിദ്യാർത്ഥികളെ വളരെ അധികം ആകുലപ്പെടുത്തുന്നു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുവാനും പ്രശ്നപരിഹാരത്തിനുമായി ആരെങ്കിലും മുന്നോട്ട് വരണമെന്ന അഭ്യർത്ഥനയയും അവർ പങ്കുവെയ്ക്കുന്നു.

Advertisment