/sathyam/media/media_files/zCzBm62gGwcaSk6G5K9v.jpeg)
ബ്രിട്ടൻ: ബ്രിട്ടൻ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍' ബോര്‍ഡര്‍ ഇ ഗെയ്റ്റ് പരീക്ഷണത്തിനൊരുങ്ങുന്നു. ഈ വര്‍ഷം നടത്തുന്ന ട്രയൽ വിജയകരമാകുന്ന പക്ഷം, ബ്രിട്ടനിലേക്ക് വരുന്നവര്‍ അതിര്‍ത്തിയില്‍ പാസ്സ്പോര്‍ട്ട് കാണിക്കേണ്ടതായി വരില്ല. ഏറ്റവും ആധുനികമായ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുമെന്ന് യു കെ ബോര്‍ഡര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ഫില്‍ ഡഗ്ലസ് അറിയിച്ചു. നിലവിലുള്ള സാങ്കേതിക വിദ്യയെ അപേക്ഷിച്ച് സുഗമമായ രീതിയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഉപയോഗിക്കുന്ന ഒരു ഇന്റലിജന്റ് ബോര്‍ഡര്‍ സിസ്റ്റം എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ, ദുബായ് പോലെ വികസിതമായ ബോര്‍ഡര്‍ സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. 5 സെക്കന്റുകള്‍ കൊണ്ടു യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുവാന്‍ ഉതകുന്ന ഈ സംവിധാനം, അൻപത് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ കാര്യത്തിലാണ് ദുബായ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബ്രിട്ടന്റെ പരീക്ഷണം വിജയിച്ചാൽ തങ്ങളുടെ രാജ്യ നാമവും, ഈ രാജ്യങ്ങൾക്കൊപ്പം കൂട്ടി വായിക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്.
അടുത്ത കാലങ്ങളിലായി, നിലവിൽ പയോഗിക്കുന്ന സംവിധാനത്തില്‍ വന്ന സാങ്കേതിക പിഴവുകള്‍ മൂലം, ബ്രിട്ടീഷ് ബോര്‍ഡറുകളില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. തൻ മൂലം നിരവധി യാത്രികർക്ക് വിവിധ വിമാനത്താവളങ്ങളില്‍ നാല് മണിക്കൂര്‍ വരെ ക്യു നില്‍ക്കേണ്ടതായ സാഹചര്യമുണ്ടായെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഹ്രസ്വ സന്ദർശനത്തിന് വിസ ഇല്ലാതെ ബ്രിട്ടനിലെത്തുന്ന യൂറോപ്യൻ പൗരന്മാരുപ്പാടെയുള്ള യാത്രക്കാരുടെ കാര്യത്തിലും ഇ ടി എ സിസ്റ്റം ഉപയോഗിക്കുവാനാണ് ഹോം ഓഫീസ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഈ സിസ്റ്റം ഉപയോഗിക്കുക വഴി യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാകുകയും, അവര്‍ മുന്‍പ് യു കെ സന്ദര്‍ശിച്ചവരാണോ എന്ന് ഉറപ്പുവരുത്തുവാനും സാധിക്കും. ബ്രിട്ടന്റെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും കേസുകള്‍ അവരുടെ പേരിലുണ്ടൊ എന്നതടക്കമുള്ള വിവരങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് അറിയുവാനാവുമെന്ന പ്രത്യേകതയും ഈ സംവിധാനത്തിനുണ്ട്.