യുക്മ വള്ളംകളി - കൗൺസിലർ ബൈജു തിട്ടാല മുഖ്യാതിഥി

New Update
824

ആഗസ്റ്റ് 26 ന് റോഥർഹാമിലെ മാൻവേഴ്സ് ലെയിക്കിൽ വെച്ച് നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്നത് യു കെ മലയാളികൾക്ക് സുപരിചിതനായ, കേംബ്രിഡ്ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാലയാണ്. പുരാതന പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റിയുടെ ആദ്യ ഏഷ്യൻ ഡപ്യൂട്ടിമേയറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു, നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 

Advertisment

യുകെയിലെ അറിയപ്പെടുന്ന ഒരു സോളിസിറ്ററായ ബൈജു തിട്ടാല യുകെയിലെ പ്രശസ്തമായ ആംഗ്ളിയ റസ്കിൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ളിയ എന്നിവിടങ്ങളിൽ നിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. കോട്ടയം ജില്ലയിലെ ആർപ്പുക്കര സ്വദേശിയായ ബൈജു കഴിഞ്ഞ 18 വർഷമായി കുടുംബസമേതം കേംബ്രിഡ്ജിൽ താമസിക്കുന്നു. യുകെയിൽ മലയാളി സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും പ്രശ്ന പരിഹാരത്തിന് സാദ്ധ്യമായതെല്ലാം ചെയ്ത് പൊതുരംഗത്ത് സജീവമായി. മലയാളി നഴ്സുമാർ ഉൾപ്പടെ തൊഴിൽ മേഖലയിൽ മലയാളികൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ നിയമ പോരാട്ടങ്ങൾ ഏറെ ശ്രദ്ധ നേടി.

2018 ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടനിൽ നിന്നും ലേബർ പാർട്ടി ടിക്കറ്റിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബൈജു 2022 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അടിസ്ഥാന വിദ്യാഭ്യാസം മാത്രം കൈമുതലാക്കി യുകെയിലെത്തി കഠിനാധ്വാനത്തിലൂടെ ഉന്നത നിയമ ബിരുദങ്ങൾ കരസ്ഥമാക്കി സോളിസിറ്ററായി വിജയഗാഥകൾ തീർത്ത ബൈജു തിട്ടാല കേംബ്രിഡ്‌ജ് സിറ്റി കൌൺസിൽ ഡപ്യൂട്ടി മേയർ പദവിയിലൂടെ രാഷ്ട്രീയ രംഗത്തും മുഴുവൻ യു കെ മലയാളികൾക്കും പ്രചോദനമായി തീർന്നിരിക്കുകയാണ്.

യുക്‌മ കേരളപൂരം വള്ളംകളി 2023 ന്റെ പ്രധാന സ്പോൺസേഴ്സ്   ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, മുത്തൂറ്റ് ഫിനാൻസ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം 'ആന്റണി' എന്നിവരാണ്.

മലയാള സിനിമയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന പ്രിയ താരങ്ങളോടൊപ്പം വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാൻവേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.

Advertisment