/sathyam/media/media_files/VVbbS2DeGpPghgmsXZU3.jpeg)
ആറ് ദിവസാം നീണ്ടുനിന്ന ജൂനിയർ ഡോക്ടർമാരുടെ സമരം ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ വൻ പ്രത്യാഘാതം സൃഷ്ട്ടിക്കുമെന്ന് ഉറപ്പായി. യു കെയിലെ എൻഎച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് അടുത്തിടെ എൻഎച്എസിൽ നടന്നത്. ഏകദേശം 111,000 രോഗികൾക്കാണ് സമരം മൂലം അവർക്കു കിട്ടേണ്ട പരിചരണം മുടങ്ങിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇത് മൂലം അടുത്ത 13 മാസത്തിനിടെ എൻഎച്ച്എസിന് പുനഃക്രമീകരിക്കേണ്ടി വരുന്നത് 1.3 മില്യണിലധികം അപ്പോയിന്റ്‌മെന്റുകളാണ്.
2008/09 മുതലുള്ള അവരുടെ യഥാർത്ഥ വരുമാനത്തിലെ വലിയ ഇടിവ് പരിഹരിക്കുന്നതിനായി 35% ശമ്പള വർദ്ധനവ് നേടിയെടുക്കുക്കുക എന്നുള്ള ദീർഘകാല കാമ്പെയ്‌നിന്റെ ഭാഗമായി, ജൂനിയർ ഡോക്ടർമാർ കഴിഞ്ഞ മാർച്ച് മുതൽ നടത്തുന്ന പത്തമത്തെ പണിമുടക്കായിരുന്നു ഈ ജനുവരിയിൽ നടന്നത്.
കണക്കുകൾ പ്രകാരം, പണിമുടക്ക് മൂലം എൻഎച്എസ് റദാക്കിയ 113,779 അപ്പോയിന്റ്മെന്റുകളിൽ 104,551 ഒപി അപ്പോയിന്റ്‌മെന്റുകളും 9,228 ഇലക്‌റ്റീവ് അല്ലെങ്കിൽ നോൺ - അർജന്റ് ഓപ്പറേഷനുകളും ആണ്. അനൗദ്യോഗിക കണക്കുകൾ ഇതിലും മുകളിൽ പോകുമെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ 10 മാസത്തിനിടെ 34 ദിവസങ്ങളാണ് ജൂനിയർ ഡോക്ടർമാർ സമരം ചെയ്തത്. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ജൂനിയർ ഡോക്‌ടേഴ്‌സ് കമ്മിറ്റി തങ്ങളുടെ 47,000 അംഗങ്ങളോട് മൂന്നാം തവണയും പണിമുടക്കിനെക്കുറിച്ച് ബാലറ്റ് ചെയ്യാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ബാലറ്റിൽ ഇതിനു അംഗീകാരം കിട്ടിയാൽ സെപ്തംബർ വരെ നടപടി തുടരാം. തർക്കം പരിഹാരത്തിനായി ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസുമായി ബിഎംഎ പ്രതിനിധികൾ ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് എൻഎച്ച്എസ് നേതാക്കളുടെ ആവശ്യപ്പെടുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ ജൂനിയർ ഡോക്ടർമാർക്ക് സർക്കാർ 8.8% ശമ്പള വർദ്ധനവ് ഏർപ്പെടുത്തുകയും കൂടാതെ 3% കൂടി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, 2008-09 മുതൽ അവരുടെ ശമ്പള മൂല്യത്തിൽ 26.2% ഇടിവ് അനുഭവപ്പെട്ടതിനാൽ, ജൂനിയർ ഡോക്ടർമാരുടെ "പൂർണ്ണ വേതനം പുനഃസ്ഥാപിക്കുക" എന്ന ആവശ്യം പരിഹരിക്കാൻ സർക്കാർ വാഗ്ദാനമായ 3% അധിക തുക തുലോം തുച്ഛമാണെന്ന കാരണം ചൂണ്ടിക്കാട്ടി ബിഎംഎ നിരസിക്കുകയാനുണ്ടായത്.