ലണ്ടനിൽ ക്രോസ്ബോ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നയാൾ പോലീസിൻ്റെ വെടിയേറ്റ് മരിച്ചു; മുപ്പതുകാരനായ ആക്രമിയിൽ നിന്നും രണ്ട് പേർക്ക്‌ പരിക്ക്

New Update
3

ലണ്ടൻ: തെക്കുകിഴക്കൻ ലണ്ടനിൽ ക്രോസ്ബോ ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുന്നയാൾ പോലീസിൻ്റെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് മുൻപാണ് പോലീസ് വെടിവെപ്പ് നടന്നത്. വാർത്ത മെട്രോപൊളിറ്റൻ പോലീസ് സ്ഥിതീകരിച്ചു. സ്വതന്ത്ര അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.

Advertisment

മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആക്രമി ക്രോസ്ബോ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ലണ്ടനിലെ സൗത്ത്വാർക്കിലെ ഒരു വീട്ടിൽ താമസിക്കുന്നവരെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ ആക്രമിയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും, ആക്രമി ഭീഷണി തുടരുകയാണുണ്ടായത്. തുടർന്ന്, സായുധരായ ഉദ്യോഗസ്ഥരെ വിളിക്കുകയും അവർ വേഗത്തിൽ സംഭവസ്ഥലത്ത് എത്തുകയായിരുന്നു. ഭീഷണിയുമായി വീണ്ടും വീടിനുള്ളിൽ കടന്ന മുപ്പതുകാരൻ ആക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും വെടിയേറ്റ് വീണ ആൾക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകിയെങ്കിലും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

3

ബൈവാട്ടർ പ്ലേസിലെ വീട്ടിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റതായും പോലീസ് പറഞ്ഞു. വെടിവെയ്പ്പുണ്ടായതിനെ തുടർന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (ഐഒപിസി) വാച്ച്ഡോഗ് അന്വേഷണം ആരംഭിച്ചു.

"ഇന്ന് രാവിലെ നടന്ന സംഭവങ്ങളിൽ പ്രാദേശിക സമൂഹം ആശങ്കാകുലരായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്താണ് സംഭവിച്ചതെന്നതിൻ്റെ മുഴുവൻ സാഹചര്യങ്ങളെക്കുറിച്ചും ഐഒപിസിയുടെ അന്വേഷണത്തെ ഞങ്ങൾ പൂർണ്ണമായി പിന്തുണയ്ക്കും" ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് സെബ് അദ്ജെ അദ്ദോ പറഞ്ഞു.

സൗത്ത് ലണ്ടനിലെ സൗത്ത്‌വാർക്കിൽ ഇന്ന് രാവിലെ മെട്രോപൊളിറ്റൻ പോലീസ് സർവീസ് (എംപിഎസ്) ഒരു മനുഷ്യനെ മാരകമായി വെടിവച്ച സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് ഐഒപിസിയുടെ വക്താവ് പ്രതികരിച്ചത്.

Advertisment