/sathyam/media/media_files/xZ96aumE8rrycplt8y8a.jpg)
ദുബായ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ദുബായ് കമ്മറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട്, ജിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സന്തോഷ് കെ നായർ, മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് മനു ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 23 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി ഫജ്‌റുദ്ദീൻ മൂപ്പൻ, ജനറൽ സെക്രട്ടറിയായി ശ്യാം ലാൽ, ട്രഷററായി അൻസിൽ ആലുവ, മീഡിയ കൺവീനറായി അജ്മൽ ആലങ്കോട്, വൈസ് പ്രസിഡന്റുമാരായി ഷാജി പാപ്പൻ, അരുൺ, ജോയിൻ സെക്രട്ടറിമാരായി അൻസർ, അബിൻ, ഇവന്റ് കോഡിനേറ്ററായി ഷാജി കുന്നില്ല, എക്സിക്യൂട്ടീവ് മെമ്പറായി നിസാർ എന്നിവരെയും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനത്തിനും, സാമൂഹ്യ ക്ഷേമത്തിനും, പ്രവാസികളുടെ ഇടയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് താങ്ങും തണലുമായി നിന്നു പ്രവർത്തിക്കാനും, ദുരിതങ്ങൾ താണ്ടി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആശ്വാസമായി പ്രവർത്തിക്കാനും ഗൾഫ് മലയാളി ഫെഡറേഷൻ ഉണ്ടാകുമെന്നും, അതിന് സംഘടന പ്രവർത്തകരെ ആർജ്ജവത്തോടെ മുന്നോട്ട് കൊണ്ടു വരുമെന്നും അഡ്വ. സന്തോഷ് കെ നായർ പറഞ്ഞു.
സംഘടനകൊണ്ട് എന്താണ് ഉപയോഗം എന്ന് ചോദിക്കുന്നവരോട് ഒറ്റ മറുപടി മാത്രമേ പറയാനുള്ളൂ. തളർച്ചയിൽ ഒരു കൈത്താങ്ങായി ഗൾഫ് മലയാളി ഫെഡറേഷൻ സംഘടന ഉണ്ടാകും. ഒരു രാഷ്ട്രീയക്കാരന്റെ വാക്കല്ല. ഞങ്ങൾക്ക് രാഷ്ട്രീയമില്ല, ഒരു പ്രസ്ഥാനത്തിനോടും എതിരുമില്ല. ഗൾഫ് മലയാളി ഫെഡറേഷൻ എന്ന് പറയുന്ന ഈ സംഘടന പ്രവാസികളെ ഒരു കുടക്കീഴിൽ നിർത്തുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്നും എപ്പോഴും പ്രവാസികളുടെ പ്രതിസന്ധികൾക്ക് ഏതു രാത്രിയിലും ആശ്വാസം നൽകുവാൻ കഴിവുള്ളവരെ കണ്ടെത്തിയാണ് സംഘടനയുടെ മുൻനിരയിൽ നിർത്തുന്നതെന്ന ചെയർമാന്റെ വാക്കുകൾ സംഘടനയുടെ അംഗങ്ങൾക്ക് ആവേശം നൽകുന്നതായിരുന്നു.