സൂപ്പർമാർക്കറ്റിൽ നിന്ന്​ 6.6 ലക്ഷം ദിർഹം കവർന്ന് രക്ഷപ്പെടാൻ ശ്രമം; ദുബായിൽ രണ്ട്​ മോഷ്ടാക്കൾ വിമാനത്താവളത്തിൽ പിടിയിൽ

New Update
2712891-untitled-1

ദു​ബായ്: സൂപ്പർമാർക്കറ്റിൽ നിന്ന്​ മോഷ്ടിച്ച 6.6 ലക്ഷം ദിർഹവുമായി രാജ്യം വിടാൻ ശ്രമിച്ച രണ്ട്​ മോഷ്ടാക്കളെ ദുബായ് വിമാനത്താവളത്തിൽവെച്ച്​ പൊലീസ്​ പിടികൂടി.

Advertisment

ബർദുബൈയിലുള്ള സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസം അർധ രാത്രിയായിരുന്നു കവർച്ച. സ്ഥാപനത്തിന്‍റെ പിൻഭാഗത്തെ വഴിയിലൂടെ എത്തിയ മോഷ്ടാക്കൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച്​ വാതിൽ തകർത്ത്​ അകത്തു കടക്കുകയായിരുന്നു. 

പണം സൂക്ഷിച്ചിരുന്ന നാല്​ ബോക്സുകൾ പൊളിച്ച്​​ 60,000 ദിർഹമും ശേഷം പ്രധാന സേഫ്​ ലോക്കർ തകർത്ത്​ ആറു ലക്ഷം ദിർഹമും മോഷ്ടിച്ച്​ രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന്​ രാവിലെ സൂപ്പർമാർക്കറ്റ്​ തുറക്കാനെത്തിയ ജീവനക്കാരാണ്​ മോഷണ വിവരം അറിഞ്ഞത്​. 

ഇവർ ഉടൻ ബർദുബൈ പൊലീസ്​ സ്​റ്റേഷനിൽ റിപോർട്ട്​ ചെയ്തു. തുടർന്ന്​ ഫോറൻസിക്​ വിദഗ്​ധർ, സി.ഐ.ഡി ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന പൊലീസ്​ സംഘം ഉടൻ സ്ഥലത്തെത്തുകയും തെളിവെടുപ്പ്​ ആരംഭിക്കുകയുമായിരുന്നു.

ആളെ തിരിച്ചറിയാതിരിക്കാൻ മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നു. എങ്കിലും നിർമിത ബുദ്ധി (എ.ഐ) സംവിധാനങ്ങൾ ഉപയോഗിച്ചും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന്​ ലഭിച്ച വിവരങ്ങൾ വിലയിരുത്തിയും പൊലീസ്​ അതിവേഗം മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

Advertisment