ദുബായിൽ 4x4 നേഷൻസ് ടീം അംഗങ്ങളെ ആദരിച്ച് അക്കാഫ് ഇവൻ്റ്‌സ്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
B

ദുബായ്: മഴ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അക്കാഫുമായി സഹകരിച്ച 4x4 നേഷൻസ് അംഗങ്ങളെ ദുബായ് മരുഭൂമിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. 4x4 നേഷൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ അക്കാഫ് അംഗങ്ങൾക്കായി ഡെസേർട്ട് ഡ്രൈവും സംഘടിപ്പിച്ചു.

Advertisment

ഷാർജയിലെയും കൽബയിലെയും 4x4 നേഷൻസ് അംഗങ്ങളുമായി സഹകരിച്ച് അക്കാഫ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിരവധി ആളുകൾക്ക് ആശ്വാസമേകി. മഴവെള്ളവും മലിനജലവും നിറഞ്ഞ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദുരിതബാധിതർക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ എത്തിക്കുന്നതിൽ 4x4 ടീമിൻ്റെയും അക്കാഫ് വോളണ്ടിയർമാരുടെയും ശ്രമങ്ങൾ കേരളത്തിലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ നൽകിയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് അക്കാഫ് പ്രസിഡൻ്റ് ചാൾസ് പോൾ അനുമോദന ചടങ്ങിൽ പറഞ്ഞു.

ചടങ്ങിനെത്തുടർന്ന് അക്കാഫ് അംഗങ്ങൾ നടത്തിയ കോളേജ് കാൻ്റീനിൽ കലാലയ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയിരുന്നു. അക്കാഫ് ഡെസേർട്ട് ഡ്രൈവിൽ കുടുംബാംഗങ്ങളെയും കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ വിവിധ കായിക വിനോദങ്ങൾ, ഗെയിമുകൾ, വടംവലി എന്നിവയാൽ ഇവൻ്റ് കൂടുതൽ സജീവമായി.

വിവിധ കോളേജുകളിൽ നിന്നായി ഏകദേശം മുന്നൂറോളം അംഗങ്ങൾ ഡ്രൈവിൽ പങ്കെടുത്തു. 4x4 നേഷൻസ് യുഎഇ ചീഫ് മാർഷൽ രമേഷ് മോഹൻ്റെ നേതൃത്വത്തിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ഡെസേർട്ട് ഡ്രൈവ് പരിശീലന സെഷൻ ശ്രദ്ധേയമായി.

അക്കാഫ് വൈസ് പ്രസിഡൻ്റ് ശ്യാം വിശ്വനാഥിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതം പറഞ്ഞു. ഒൻ്റാറിയോ ആയുർവേദ ക്ലിനിക്ക് ശൃംഖലയാണ് മുഖ്യ പ്രായോജകർ.

ജനറൽ കൺവീനർ മൻസൂർ, എക്‌സ്‌കോം കോർഡിനേറ്റർ രഞ്ജിത്ത് കോടോത്ത്, ജോയിൻ്റ് ജനറൽ കൺവീനർ മഞ്ജു ശ്രീകുമാർ, ടീം അംഗങ്ങളായ അബ്ദുൾ സത്താർ, ബിന്ദു ആൻ്റണി, ജോൺസൺ മാത്യു, ശ്രീകുമാർ, രചന, പ്രശാന്ത്, സജ്‌ന, സുചിത്ര പ്രതാപ് എന്നിവർ ഡ്രൈവ്-ഫൺ ഫുഡ് പരിപാടികൾ ഏകോപിപ്പിച്ചു.

Advertisment