ദുബായ്: കുട്ടികളെ മാതാപിതാക്കൾ ഉപദ്രവിച്ചാലും അത് ക്രിമിനൽ കുറ്റമായാണ് കണക്കാക്കുക. 2016 മാർച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം 36-ാം വകുപ്പ് അനുസരിച്ച് മാതാപിതാക്കൾ കുട്ടിയെ ദേഹോപദ്രവം ചെയ്യുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. നിയമലംഘകർക്ക് 50,000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ തടവോ ആണ് ശിക്ഷയായി ലഭിക്കുക.
സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നിയമ, സാമൂഹിക, വിദ്യാഭ്യാസ വകുപ്പുകളെയും ശൃംഖലയിൽ കണ്ണികളാക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പദ്ധതിക്ക് കീഴിൽ അണിനിരത്തും. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് തടസമാകുന്ന നടപടികൾ തടയുകയും സഹായം ആവശ്യമുള്ള കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി മികച്ച പരിചരണം നൽകുകയും ചെയ്യും.
ഇതിനായി ശിശുസംരക്ഷണ കേന്ദ്രത്തിലെ 45 വിദഗ്‌ധർ ഉൾപ്പെടെ 375 പേർക്ക് പരിശീലനം നൽകിയതായും നിലവിൽ 9 ശിശു സംരക്ഷണ യൂണിറ്റുകൾ പ്രവർത്തിക്കുന്നതായും സോഷ്യൽ പ്രൊട്ടക്‌ഷൻ ഡിപ്പാർട്‌മെന്റ് ഡയറക്‌ടർ ഡോ. ഫാത്തിമ അൽ റെയ്‌സി പറഞ്ഞു.