ദുബായ്: യുഎഇയിൽ ചൂട് ശക്തമാകുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് ഈ മാസം രാജ്യത്ത് ചൂടിന്റെ കാഠിന്യം വർധിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചത്.
ചൂടിനോടൊപ്പം പൊടിക്കാറ്റിനും സാധ്യതയുള്ളതായാണ് വിലയിരുത്തൽ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
തെക്കുകിഴക്കൻ കാറ്റ്, ഇന്ത്യയിലെ ന്യൂനമർദം എന്നിവയും യുഎഇ ഉൾപ്പെടെയുള്ള മേഖലയിലെ ചൂട് വർധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ. ഈ കാലാവസ്ഥയിൽ രാവിലെ 10നും വൈകിട്ട് 4നും ഇടയ്ക്കുള്ള സമയത്ത് പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും കയ്യിൽ എപ്പോഴും കുടിവെള്ളവും കുടയും കരുതണമെന്നും ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.