ദുബായ്: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയുടെ സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ 96,000 ദിർഹം പിഴയാണ് ചുമത്തുക.
20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ ജോലിക്ക് നിയമിക്കണമെന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
സ്വദേശിയെ നിയമിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി മന്ത്രാലയത്തെയും സ്വദേശികളെയും കബളിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയ്ക്ക് പുറമെ ശക്തമായ നടപടികളും അധികൃതർ സ്വീകരിക്കും.
ഇത്തരം കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ആളൊന്നിന് 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെയായിരിക്കും പിഴ ചുമത്തുക.
50-ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ വർഷം 2 ശതമാനം സ്വദേശികളെ നിയമിക്കണമെന്ന പദ്ധതി മൂന്നാം വർഷത്തിലെത്തിനിൽക്കുകയാണ്. ഈ വർഷാവസാനത്തോടെ 6 ശതമാനം സ്വദേശികളെ കമ്പനികൾ നിയമിക്കണം.
2026 അവസാനത്തോടെ സ്വകാര്യമേഖലയിൽ 10 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.