/sathyam/media/media_files/hQpoKGczxvFWTVn5ZRqj.jpeg)
ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പൊതുമാപ്പ് ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഒക്ടോബർ 31 വരെയാണ് യുഎഇയിൽ പൊതുമാപ്പ് നടപ്പാക്കുന്നത്.
നവംബർ ഒന്നു മുതൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധന ശക്തമാക്കാനാണ് ഐസിപിയുടെ തീരുമാനം.
പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് കാലാവധിക്കുള്ളിൽ വിസ നിയമവിധേയമാക്കിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും ഭീമമായ പിഴ നൽകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുമാപ്പ് കാലയളവിൽ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പിഴയിൽ നിന്ന് ഒഴിവാക്കുന്നതിനു പുറമെ, രാജ്യം വിടുന്നവർ വീണ്ടും യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിരോധനവും ഒഴിവാക്കിയിട്ടുണ്ട്.
റെസിഡൻസി, വിസ എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം പിഴകളും പൊതുമാപ്പ് കാലയളവിൽ ഒഴിവാക്കപ്പെടും. വിസ നിയമവിധേയമാക്കാനും എക്‌സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനുമുള്ള നടപടികൾ പൂർത്തിയാക്കാൻ ഇനിയും സമയം ലഭ്യമാണ്.
വിസ നിയമ വിധേയമാക്കി പുതിയ ജോലി നേടാനുള്ള സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ആമർ സെന്ററുകൾ കൂടാതെ, എംബസികളും ദുബായ് ഇന്ത്യൻ കോൺസുലേറ്റും പൊതുമാപ്പ് നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഇവരെ സമീപിച്ച് എത്രയും വേഗത്തിൽ വിസ രേഖകൾ നിയമവിധേയമാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികൾക്ക് വിധേയമാകുമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us