/sathyam/media/media_files/2024/11/20/wTSKoLmScA3ieG2vO8xy.jpeg)
ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം സെപ്റ്റംബർ 30 വരെ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യുഎഇയിൽ എത്തിയത് ആറ് കോടി 86 ലക്ഷം യാത്രക്കാർ ആണ്.
നാലാം പാദത്തിൽ മാത്രം രണ്ട് കോടി 30 ലക്ഷം യാത്രക്കാരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിയാഘോഷിക്കാനും യുഎഇയിലെ തണുപ്പ് ആസ്വദിക്കാനുമെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് ഈ വിലയിരുത്തൽ.
പടിഞ്ഞാറൻ യൂറോപ്പിൽ നിന്ന് കൂടുതൽ പേരെത്തുമെന്നാണ് കണക്ക് കൂട്ടൽ. 6.3 ശതമാനമാണ് മൂന്നാം പാദത്തിൽ മാത്രമുള്ള യാത്രക്കാരുടെ വർധന. ഇക്കാലയളവിൽ ഒരുലക്ഷത്തി പതിനൊന്നായിരത്തി മൂന്ന് വിമാന സർവീസുകളാണ് നടത്തിയത്.
ഒൻപത് മാസത്തെ കണക്ക് അനുസരിച്ച് 3,27,700 വിമാനസർവീസ് നടത്തി. മുൻവർഷത്തെക്കാൾ 6.4 ശതമാനം കൂടുതൽ ആണ് ഇത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാത്രമല്ല, ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും ആഗോളതലത്തിൽ ആകർഷകമായ സ്ഥലമെന്ന നിലയിൽ ദുബായ് മാറിയതിൻ്റെ തെളിവാണ് ഇതെന്ന് ദുബായ് എയർപോട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞു.
അതേസമയം ദുബായിൽ നിന്ന് ഏറ്റവും അധികം യാത്രക്കാർ സന്ദർശിച്ച രാജ്യം ഇന്ത്യയാണ്. 89 ലക്ഷം പേർ. 56 ലക്ഷം യാത്രക്കാരുമായി സൗദിയാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം നഗരങ്ങളിൽ ഏറ്റവും അധികം പേർ യാത്ര ചെയ്തത് ലണ്ടനിലേക്കാണ്. 29 ലക്ഷം. റിയാദ് രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തുമാണ്.