അബുദാബി: യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി നഗരത്തില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 2, 3 തീയതികളിലാണ് നിരോധനമെന്ന് സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.
അബുദാബി, അല്‍ ഐന്‍, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. നഗരങ്ങളിലെങ്ങും പരിപാടികളും ഷോകളും അരങ്ങേറുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് .
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. മെട്രോ, ബസ് സമയങ്ങളിലും മാറ്റമുണ്ടാവും. പാര്‍ക്കിങ്ങിനും പണം ഈടാക്കില്ല.
ഡിസംബര്‍ 2നും 3നും ദുബായില്‍ ബഹുനില പാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങും സൗജന്യമായിരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചു. ഇതോടെ ഞായര്‍ മുതല്‍ മൂന്ന് ദിവസം എമിറേറ്റില്‍ പാര്‍ക്കിങ്ങിന് ഫീ നല്‍കേണ്ട.
മെട്രോ സര്‍വീസുകള്‍ 30 നവംബര്‍, ഡിസംബര്‍ 2, 3 തീയ്യതികളില്‍ രാവിലെ 5:00 മുതല്‍ സര്‍വീസ് ആരംഭിക്കും ഡിസംബര്‍ ഒന്നിന് രാവിലെ 8 മുതലായിരിക്കും സര്‍വീസ് തുടങ്ങുകയെന്നും അധികൃതര്‍ അറിയിച്ചു.