ദുബായ്: വംശനാശം നേരിടുന്ന ജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വിൽപന നിയന്ത്രിക്കുന്നതിന് യു.എ.ഇയിൽ പുതിയ നിയമം പ്രാബല്യത്തിൽ. നിയമം ലംഘിച്ചാൽ നാലു വർഷം വരെ തടവും 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
ബുധനാഴ്ച ചേർന്ന ഫെഡറൽ നാഷനൽ കൗൺസിൽ നിയമത്തിന് അംഗീകാരം നൽകി. ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ കര, സമുദ്ര, വ്യോമ അതിർത്തികളിലും നിയമം നടപ്പാക്കും.
പുതിയ നിയമമനുസരിച്ച്, ദേശീയ ഭരണ അതോറിറ്റിയുടെ അനുമതിയില്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട ഏത് ജീവി വർഗത്തിന്റെയും മാതൃകകളുടെയും കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവ നിയമവിരുദ്ധമായിരിക്കും.
ഇത്തരം ജീവജാലങ്ങളുടെ വിപണനത്തിനും കൈമാറ്റത്തിനും ആവശ്യമായ രേഖകളെയും നടപടി ക്രമങ്ങളെയും കുറിച്ചും നിയമം നിർവചിക്കുന്നുണ്ട്. ഇതുപ്രകാരം അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാണ്. അനുബന്ധം ഒന്നിലുൾപ്പെട്ട ഇനങ്ങളുടെ ഇറക്കുമതിക്കും ലൈസൻസ് വേണം.
അനുമതിയില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകൾ ഹാജരാക്കിയാൽ സർട്ടിഫിക്കറ്റ് റദ്ദുചെയ്യാനും നിയമനടപടി സ്വീകരിക്കുന്നതിനും ഇടയാക്കും.
അനുബന്ധം ഒന്നിൽപെട്ട ഇനങ്ങൾ അനുമതിയില്ലാതെ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്താൽ രണ്ട് ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴക്കും നാലു വർഷം വരെ തടവുശിക്ഷക്കും കാരണമാകും.