ജിദ്ദ: പ്രവാസികൾക്കെന്ന പോലെ ഹജ്ജ് - ഉംറ തീർത്ഥാടകർക്കും ഏറേ അനുഗ്രഹമായി കേരളത്തിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള സർവീസുമായി മറ്റൊരു എയർലൈൻ കൂടി.
ഇന്ത്യയുടെ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ ആണ് നെടുമ്പാശ്ശേരി - ജിദ്ദാ റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചത്. 186 ഇക്കോണമി സീറ്റുകളുള്ള ബോയിംഗ് 737 മാക്സ് എട്ട് വിമാനങ്ങളാണ് സർവീസുകൾ ആരംഭിച്ചു.
ശനി, തിങ്കൾ, ഞായർ ദിവസങ്ങളിലായി മൊത്തം ആഴ്ചയിൽ നാല് സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ആകാശ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഞായർ രണ്ട് സർവീസുകളാണ് ഉണ്ടായിരിക്കുക. എന്നാൽ ഞായറാഴ്ചകളിലെ രണ്ടാം സർവീസ് ആഗസ്റ്റ് മൂന്ന് മുതലാണ് തുടങ്ങുക.
സമയക്രമം ഇങ്ങിനെ:
നെടുമ്പാശ്ശേരിയിൽ നിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 6:10 ന് പുറപ്പെട്ട് രാത്രി 9:55 ന് ജിദ്ദയിലിറങ്ങും.
ഞായറാഴ്ചയിലെ ആദ്യ വിമാനം വെളുപ്പിന് മുമ്പ് 3:00 മണിക്ക് പുറപ്പെട്ട് കാലത്ത് 6:45 ന് ജിദ്ദയിലിറങ്ങും. രണ്ടാം വിമാനം പുറപ്പെടുന്നത് രാത്രി 8:25 നും ജിദ്ദയിലിറങ്ങുക രാത്രി 12:10 നുമായിരിക്കും.
മടക്ക ഷെഡ്യുൾ:
ജിദ്ദയിൽ നിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7:45 ന് പുറപ്പെട്ട് വൈകീട്ട് 4:45 ന് നെടുമ്പാശ്ശേരിയിലിറങ്ങും.
ഞായറാഴ്ചയിലെ ആദ്യ സർവീസ് ജിദ്ദയിൽ നിന്ന് മടങ്ങുന്നത് അർദ്ധരാത്രി 1:10 നും നെടുമ്പാശ്ശേരിയിൽ ഇറങ്ങുക തിങ്കളാഴ്ച രാവിലെ 10:10 നുമായിരിക്കും.
ഞായറാഴ്ചയിലെ രണ്ടാം സർവീസ് ജിദ്ദയിൽ നിന്ന് മടങ്ങുന്നത് തിങ്കളാഴ്ച്ച രാത്രി 10: 55നും നെടുമ്പാശ്ശേരിയിൽ ഇറങ്ങുക ചൊവാഴ്ച്ച രാവിലെ 7: 55 നുമായിരിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ മുംബയിൽ നിന്നും അഹമ്മദാബാദിൽ നിന്നും ആകാശയുടെ ജിദ്ദ സർവീസുകൾ ആരംഭിച്ചിരുന്നു. ദോഹ, റിയാദ്, അബുദാബി, കുവൈറ്റ് സിറ്റി എന്നിവിടങ്ങളിലേക്കാണ് ആകാശയുടെ മറ്റു ഗൾഫ് സർവീസുകൾ.