ദുബായ്: വിസ്മയങ്ങളുടെ നഗരമായ ദുബായ് മറ്റൊരു അത്ഭുത കാഴ്ചയ്ക്ക് കൂടി തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ദുബായിയില്‍ എയര്‍ ടാക്സികള്‍ പറന്നിറങ്ങും. ദുബായിയില്‍ പറക്കും ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തി.
മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 450 കിലോഗ്രാം പേലോഡ് വഹിക്കാനും ശേഷിയുള്ള എയര്‍ ടാക്‌സിയുടെ പരീക്ഷണമാണ് നടന്നത്. ദുബായ്-അല്‍ ഐന്‍ റോഡിലെ മാര്‍ഗാമിലെ ദുബായ് ജെറ്റ്മാന്‍ ഹെലിപാഡിലുള്ള ജോബിയുടെ പറക്കല്‍ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.
അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ എയര്‍ ടാക്‌സി ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങും. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും 320 കിലോമീറ്റര്‍ വേഗതയില്‍ എയര്‍ ടാക്‌സിയില്‍ സഞ്ചരിക്കാന്‍ കഴിയും.
ദുബായ് വിമാനത്താവളം, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ടത്തിലുള്ള സര്‍വീസ് . ജോബി ഏവിയേഷനും ദുബായ് ആര്‍ടിഎയുമാണ് പദ്ധതിക്ക് പിന്നില്‍.
സമ്പൂര്‍ണ തോതിലുള്ള എയര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിശാലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണ് പരീക്ഷണമെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.