/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
അബൂദാബി: അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാല് ലക്ഷം ദിർഹം (ഏകശേദം 95.4 ലക്ഷ രൂപ) നഷ്ടപരിഹാരം വിധിച്ച് അബൂദബി കോടതി.
രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്‍റെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിച്ചത്. 2023 ജൂലൈ ആറിന് അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ നടന്ന വാഹനാപകടത്തിലാണ് മുസ്തഫ മരണപ്പെടുന്നത്.
ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി പൗരൻ ഓടിച്ച കാറിടിക്കുകയായിരുന്നു. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാൽക്കൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തുടർന്ന്, കാർ ഡ്രൈവർക്ക് അബൂദബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനം (ബ്ലഡ് മണി) നൽകാനും വിധിച്ചു. ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് കുടുംബം ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു.
ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ, ദിയാധനത്തിന് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.