/sathyam/media/media_files/AhwL0GBxaiEapyYGLP8O.jpg)
ദുബായ്: ലോകത്ത് ഭക്ഷ്യ ക്ഷാമം ഇല്ലാതാക്കാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ യോഗത്തിൽ യുഎഇ.
രാജ്യങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും രാജ്യാന്തര സമൂഹത്തിന്റെ ഉറച്ച തീരുമാനവും പ്രവർത്തനങ്ങളുമാണ് ഭക്ഷ്യ പ്രതിസന്ധി നേരിടാനുള്ള മാർഗമെന്നും യോഗത്തിൽ മന്ത്രി നൗറ അൽ കാബി പറഞ്ഞു.
ഭക്ഷ്യ ക്ഷാമത്തിനെതിരെ രാജ്യങ്ങൾ കൈകോർത്താൽ ലോകത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ല. രാജ്യാന്തര സഹകരണത്തിലൂടെയും വിവിധ കൂട്ടായ്മകളിലൂടെയും യുഎഇ ഭക്ഷ്യക്ഷാമത്തിനെതിരായ പോരാട്ടം നടത്തുകയാണ്.
സ്വകാര്യ മേഖലയുമായി ചേർന്ന് 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന മുഹമ്മദ് ബിൻ റാഷിദ് പദ്ധതി നടപ്പിലാക്കും. ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായിരിക്കണം ഭക്ഷ്യ സുരക്ഷാ പദ്ധതികളിലെ മുഖ്യപരിഗണന നൽകേണ്ടതെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
ലോകത്ത് ദുരന്തമുഖത്ത് സഹായഹസ്തവുമായി എത്തുന്ന യുഎഇ മാതൃക പാഠമാക്കേണ്ടത് തന്നെയാണ്. അതിദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലും പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങളിലും അകമഴിഞ്ഞ സഹായമാണ് യുഎഇ എത്തിക്കുന്നത്.