/sathyam/media/media_files/6vw32KMJdUyhvKS3UZIe.webp)
ദുബായ്: എമിറേറ്റ്സ് ഐഡി ലഭിക്കാൻ ഇനി കാലതാമസമുണ്ടാകില്ല. വിസ ബയോമെട്രിക്, വൈദ്യപരിശോധനാ നടപടികൾ അതിവേഗം പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന സംവിധാനമൊരുക്കിയിരിക്കുകയാണ് അധികൃതർ.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ സ്മാർട് സലേമിന്റെ പ്രീമിയം മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിങ് സെന്ററാണ് ഇതിനായി ആരംഭിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആന്റ് ഫോറിനേഴ്സ് അഫേഴ്സ്, ഡിഐഎഫ്സി എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സ്ഥാപനം തുടങ്ങിയിരിക്കുന്നത്.
പുതിയതായി ജോലിക്കെത്തുന്നവരുടെ വൈദ്യപരിശോധന, ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തൽ എന്നിവ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കി എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന സംവിധാനമാണ് സ്മാർട് സലേം നടപ്പിലാക്കുന്നത്.
പരിശോധനകൾ പൂർത്തിയാക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ എമിറേറ്റ്സ് ഐഡി ലഭ്യമാക്കുന്ന നിലയിലാണ് സ്മാർട് സലേം പ്രവർത്തിക്കുക. സാധാരണ നിലയിൽ 3 ആഴ്ചവരെയാണ് എമിറേറ്റ്സ് ഐഡി ലഭിക്കാൻ വേണ്ട സമയം.
12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസിൽ ആധുനിക റോബട്ടിക് സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കും. വിസയുടെ ഭാഗമായ വൈദ്യപരിശോധന ഫലം 30 മിനിറ്റിൽ ലഭ്യമാക്കുന്ന സൗകര്യവും ഇവിടെയുണ്ട്. ബയോമെട്രിക്, വൈദ്യ പരിശോധന നടപടികൾ 10 മിനിറ്റിൽ പൂർത്തിയാക്കാനും സാധിക്കും.