
ദുബായ്: യുഎഇയിൽ വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ കനത്ത പിഴ ചുമത്തും. നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരിഷ്കരിച്ച വാണിജ്യ ഏജൻസി നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം മുതൽ നാല് ലക്ഷം ദിർഹം വരെ പിഴ ഏർപ്പെടുത്തുമെന്നാണ് സാമ്പത്തികകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
നിയമലംഘനങ്ങളിൽ പിഴ ചുമത്തുന്നതുകൂടാതെ ദുബായ് കസ്റ്റംസ് ചരക്കുകൾ പിടിച്ചെടുക്കുമെന്നും സാമ്പത്തിക കാര്യമന്ത്രാലയത്തിലെ സീനിയർ ലീഗൽ കോൺസൽ ഹസൻ അൽ കിലാനി പറഞ്ഞു.
മുമ്പ് ഇത്തരം വിഷയങ്ങൾ സിവിൽ കോടതിയുടെ പരിഗണനയ്ക്ക് വിടാറായിരുന്നു പതിവ്. പുതിയ നിയമത്തിൽ രണ്ടുതരത്തിൽ പിഴ ചുമത്തുന്നതിനാണ് വകുപ്പുള്ളത്. ആവർത്തിച്ചാൽ ഒരു ലക്ഷം മുതൽ രണ്ടുലക്ഷം വരെ പിഴ ചുമത്തുകയും ചരക്ക് പിടിച്ചെടുക്കുകയും ചെയ്യും. വീണ്ടും തെറ്റ് ആവർത്തിക്കുന്ന സാഹചര്യമുണ്ടായാലാണ് നാലു ലക്ഷംവരെ പിഴ ചുമത്തുക.
സാമ്പത്തിക മന്ത്രാലയത്തിലെ വാണിജ്യ ഏജൻസികളുടെ രജിസ്റ്ററിലുള്ള സ്ഥാപനങ്ങൾക്കുമാത്രമേ വാണിജ്യ ഏജൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയൂവെന്നും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്.