കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമായി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഫിന്‍ടെക് ആപ്പ് ബിലോംഗ് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഗിഫ്റ്റ് സിറ്റി അഥവാ ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം വഴി എന്‍ആര്‍ഐകള്‍ക്ക് ഡോളറില്‍ സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫിന്‍ടെക് കമ്പനിയാണ് ബിലോംഗ്. ഇതോടെ യുഎഇയിലെ എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളറില്‍ സ്ഥിര നിക്ഷേപങ്ങള്‍ ബിലോംഗ് ആപ്പ് വഴി നേരിട്ട് നടത്താന്‍ കഴിയും. ഈ നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി രഹിത വരുമാനം ലഭിക്കുക മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് സംരക്ഷണവും ലഭിക്കും.
കുറഞ്ഞ നിക്ഷേപ കാലാവധി ലഭ്യമാണ്. കൂടാതെ എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ടുകളുടെ ആവശ്യം ഇല്ലാതാക്കുകയും ചെയ്യും. ഇവ പൂര്‍ണ്ണമായും തിരിച്ചയക്കാവുന്നതുമാണ്. യുഎഇയില്‍ ഡോര്‍സ്റ്റെപ്പ് കെവൈസി സേവനം നല്‍കി എന്‍ആര്‍ഐകള്‍ക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനാണ് ബിലോംഗ് ലക്ഷ്യമിടുന്നത്. എന്‍ആര്‍ഐകള്‍ക്കായി ഒരു പ്രത്യേക ഇന്ത്യന്‍ ടാക്സ് ഫയലിംഗ് സേവനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സേവനങ്ങള്‍ക്കും എന്‍ആര്‍ഐകളില്‍ നിന്ന് സാധാരണയായി ഉയര്‍ന്നതും നിലവാരമില്ലാത്തതുമായ നിരക്കുകളാണ് ഈടാക്കുന്നത്. സുതാര്യവും ചെലവ് കുറഞ്ഞതുമായ എന്‍ആര്‍ഐ നികുതി സേവനങ്ങള്‍ നല്‍കി ഇത് മാറ്റാനാണ് ബിലോംഗ് ലക്ഷ്യമിടുന്നത്.
എലവേഷന്‍ ക്യാപിറ്റല്‍ നയിച്ച 50 ലക്ഷം ഡോളറിന്റെ സീഡ് ഫണ്ടിംഗ് റൗണ്ടിന്റെ പിന്തുണയോടെയാണ് ഈ തുടക്കം. റിലന്റ്‌ലെസ് വെഞ്ചേഴ്‌സും അബിരാജ് സിംഗ് ബഹല്‍, വരുണ്‍ ഖൈത്താന്‍ (അര്‍ബന്‍ കമ്പനി), അക്ഷന്ത് ഗോയല്‍ (സൊമാറ്റോ), വരുണ്‍ അലഗ് (മാമഎര്‍ത്ത്), വിനീത് സേഥി (പേയു), ആദിത്യ ശര്‍മ്മ (മക്കിന്‍സി) എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളും ഇതില്‍ പങ്കെടുത്തു.
ഗിഫ്റ്റ് സിറ്റി വഴിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഗിഫ്റ്റ് സിറ്റിയില്‍ നിന്ന് ലൈസന്‍സുകള്‍ നേടിയ ബിലോംഗ്, ഗിഫ്റ്റ് സിറ്റി വഴി എന്‍ആര്‍ഐകള്‍ക്ക് റീട്ടെയില്‍ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ലൈസന്‍സുള്ള ഫിന്‍ടെക് സ്ഥാപനമാണ്. എന്‍ആര്‍ഐകള്‍ക്കായി നൂതനവും കൃത്യമായി നിയന്ത്രിക്കപ്പെടുന്നതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ബിലോംഗ്, ഗിഫ്റ്റ് സിറ്റി വഴി ഒരു പേയ്‌മെന്റ് സര്‍വീസസ് പ്രൊവൈഡര്‍ ലൈസന്‍സും ബ്രോക്കര്‍ ഡീലര്‍ ലൈസന്‍സും നേടിയിട്ടുണ്ട്.
ഭാവിയില്‍ എന്‍ആര്‍ഐകള്‍ക്ക് അവരുടെ ഇന്ത്യയിലെ ബന്ധങ്ങളും ജീവിതവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതിന് വയോജന പരിചരണം , പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ( പോലുള്ള സാമ്പത്തികേതര സേവനങ്ങളും ഉള്‍പ്പെടുത്താന്‍ ബിലോംഗ് പദ്ധതിയിടുന്നുണ്ട്.
കൂടാതെ, , ജിസിസി, യുകെ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന എന്‍ആര്‍ഐ വിപണികളിലേക്ക് ഉടന്‍ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എന്‍ആര്‍ഐ ഹബ്ബുകളില്‍ ഒന്നാണ് യു എ ഇ. ആഗോളതലത്തില്‍ മൊത്തം എന്‍ആര്‍ഐ ജനസംഖ്യയുടെ ഏകദേശം 22% ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്ക് അയച്ച പണത്തിന്റെ 19% യുഎഇയില്‍ നിന്നായിരുന്നു.