/sathyam/media/media_files/2025/10/02/mayusufali-2-2025-10-02-16-46-42.jpg)
ദുബായ്:പരിധിയില്ലാതെ സ്വപ്നങ്ങൾ കാണുകയും, കണ്ട സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കുകയും ചെയ്ത് രാജ്യങ്ങൾ കീഴടക്കിയ ബിസിനസ് ശൃംഖലയുടെ തലവനായ എം.എ.യൂസഫലിയെത്തേടി പുതിയൊരു പുരസ്കാരം കൂടിയെത്തി.
യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക ഫൈനാൻസ് വേൾഡ് പുറത്തുവിട്ടതിൽ എം.എ യൂസഫലിയാണ് ഒന്നാമത്.
യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡേഴ്സ് എന്ന വിശേഷണത്തോടെയുള്ള ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടികയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമനായത്. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമാണ് ഫിനാൻസ് വേൾഡ്.
യു.എ.ഇ.യിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണമാണ് യൂസഫലി യാഥാർത്ഥ്യമാക്കിയതെന്ന് യാഥാർത്ഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി.
ഉത്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃസേവനങ്ങൾ, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.
യു.എ.ഇ. ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് റാങ്കിങ്.
ബുർജീൽ ഹോൾഡിംഗ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.
ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണ് പട്ടികയിൽ രണ്ടാമത്. അദ്ദേഹം സ്ഥാപിച്ച എസ്.ഒ.എൽ പ്രോപ്പെർട്ടീസ് ഇന്ന് ദുബായിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേഴ്സ് ആണെന്ന് ഫിനാൻസ് വേൾഡ് അഭിപ്രായപ്പെട്ടു.
അൽ ആദിൽ ട്രേഡിങ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണ് മൂന്നാമത്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയിൽ പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് ദാതാർ വഹിച്ചത്.
ഗസ്സാൻ അബൗദ് ഗ്രൂപ്പ് സ്ഥാപകനായ സിറിയൻ പൗരനായ ഗാസ്സാൻ അബൗദ്, ജാക്കിസ് ഗ്രൂപ്പ് ചെയർമാൻ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റൽസ് സ്ഥാപകൻ തുംബെ മൊയ്തീൻ, ചോയിത്ത് റാം ഗ്രൂപ്പ് ചെയർമാൻ എൽ. ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പാട്രിക് ചലൂബ്, ഗ്ലോബൽ ഷിപ്പിങ് & ലോജിസ്റ്റിക്സ് കമ്പനിയായ ട്രാൻസ് വേൾഡിൻറെ ചെയർമാൻ രമേശ് എസ് രാമകൃഷ്ണൻ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചവർ.
നാട്ടികയിലെ എം എ യൂസഫലി എന്ന പതിനെട്ടുകാരനുമായി ബോംബെയിൽ നിന്ന് 7 ദിവസം നീണ്ട യാത്രയ്ക്കൊടുവിൽ 1973 ഡിസംബർ 31-ന് ‘ഡുംറ’ എന്ന കപ്പൽ ദുബായിലെ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ അത് ചരിത്രമായി മാറുകയായിരുന്നു.
അബുദാബിയിൽ ബിസിനസ്സുകാരനായ കൊച്ചാപ്പൻ എം.കെ.അബ്ദുള്ളയുടെ സഹായിയായാണ് യൂസഫ് അലി ആദ്യമായി ഗൾഫിലെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പിതാവ് നടത്തിയിരുന്ന പലചരക്ക് കടയിൽ സഹായിയായി നിന്ന ശേഷമായിരുന്നു ഇത്.
ബിസിനസ്സിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്ത യൂസഫലി വൈകാതെ ബിസിനസ് രംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തുറക്കാൻ ശ്രമം തുടങ്ങി. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വഴി അന്വേഷിച്ചു പോയതോടെ പുതിയ ലോകം തുറന്നു തുടങ്ങി.
അങ്ങനെ സാധനങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത് ഹോൾസെയിൽ ആയി വിതരണം ചെയ്യാൻ തീരുമാനിച്ചു. ബിസിനസ്സ് സാധ്യതകൾ തേടി യൂറോപ്യൻ രാജ്യങ്ങളിലേക്കും, സിംഗപ്പൂരിലേക്കും, ഓസ്ട്രേലിയയിലേക്കും സഞ്ചരിച്ചു.
ഈ യാത്രകളിൽ ഒന്നിലാണ് എല്ലാ വസ്തുക്കളും ഒരിടത്ത് നിന്ന് വാങ്ങാൻ സാധിക്കുന്ന സൂപ്പർ മാർക്കറ്റ് എന്ന ആശയം കാണുന്നത്. അന്ന് യു.എ.ഇയിൽ സാധനങ്ങൾ വാങ്ങുന്നതിന് പല കടകൾ കയറി ഇറങ്ങണമായിരുന്നു.
ഇതിനൊരു ബദലായി യു.എ.ഇയിൽ ആദ്യ സൂപ്പർ മാർക്കറ്റ് ആരംഭിച്ചു. ഗൾഫ് നാടുകളിൽ തുടങ്ങി മലേഷ്യ, യു.കെ, ഈജിപ്ത്, കെനിയ, ഇൻഡൊനീഷ്യ ഉൾപ്പെടെ 42 രാജ്യങ്ങളിൽ ഇന്ന് ലുലുവിന്റെ സജീവ സാന്നിധ്യമുണ്ട്.
2006-ൽ തൃശൂരിൽ ആദ്യമായി ഒരു കൺവെൻഷൻ സെന്റർ തുടങ്ങിക്കൊണ്ടായിരുന്നു ഇന്ത്യയിലേക്കുള്ള ലുലുവിന്റെ വരവ്. പിന്നീട് 1200 കോടി രൂപ നിക്ഷേപത്തിൽ 2013 ൽ ഇന്ത്യയിലെ ആദ്യ ലുലു മാൾ കൊച്ചിയിൽ ആരംഭിച്ചു.
ബെംഗളൂരുവിലും ലക്‌നൗവിലുമെല്ലാം കൂറ്റൻ ഹൈപ്പർ മാർക്കറ്റുകൾ തുറന്നു. കൂറ്റൻ മാൾ തിരുവനന്തപുരത്ത് തുറന്നു. ജീവകാരുണ്യപ്രവർത്തനത്തിൽ ഇന്ന് യൂസഫലിയോളം മുന്നിട്ടുനിൽക്കുന്ന മറ്റൊരു മലയാളി ഇല്ല.
വിദേശത്ത് കുടുങ്ങിപ്പോയ സാധാരണക്കാരന്റെ മോചനം മുതൽ കേരളത്തിൽ ക്ലേശമനുഭവിക്കുന്ന ആളുകളിലേക്ക് വരെ യൂസഫലിയുടെ സഹായഹസ്തം നീളുന്നു. 45 രാജ്യങ്ങളിൽ നിന്നുള്ള മുക്കാൽ ലക്ഷത്തോളം പേർക്കാണ് ജോലി നൽകുന്നത്.
കൊച്ചി ഇൻഫോപാർക്കിൽ 15,000 പേർക്ക് തൊഴിൽ ചെയ്യാവുന്ന രണ്ട് ഐടി ടവറുകളും ലുലു സ്ഥാപിച്ചു. ലോകത്തെ സമ്പന്നരുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയാണ് യൂസഫലി.
61600 കോടി രൂപയാണ് ആസ്തി. ആഗോള പട്ടികയിൽ 547-ാം റാങ്കാണ് അദ്ദേഹത്തിന്. സ്പേസ് എക്സ് മേധാവി ഇലോൺ മസ്കാണ് ഒന്നാമത്. ഇന്ത്യക്കാരിൽ 106.1ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്.
മികച്ച ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം എന്നിവയിലുള്ള നിർബന്ധമാണ് ലുലുവിന്റെ വിജയത്തിന് പിന്നിലെന്ന് യൂസഫലി പറയുന്നു.
"വ്യക്തി ജീവിതത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങള്‍ നിലനിർത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്താല്‍ ജീവിത വിജയമുണ്ടാവും".
"വിശ്വാസ്യത, സമയനിഷ്ഠ, ആരെയും വഞ്ചിക്കാതിരിക്കുക എന്നീ ഗുണങ്ങളുണ്ടാവണം. വ്യക്തിത്വവും കഴിവും അളക്കുന്നത് ബാങ്ക് ബാലൻസ് നോക്കിയോ സ്റ്റാറ്റസ് നോക്കിയോ അല്ല. മനുഷ്യന്റെ പ്രാർത്ഥനയാണ് അവന്റെ വ്യക്തിത്വം".
"ബിസിനസില്‍ മത്സരമുണ്ടാകുമെങ്കിലും എതിരാളി നശിച്ചു പോകണമെന്നല്ല ആഗ്രഹിക്കേണ്ടത്. തനിക്ക് മുന്നേറണമെന്നു മാത്രമാണെന്നുമാണ് " യൂസഫലിയുടെ വാക്കുകൾ.