/sathyam/media/media_files/2025/10/06/chitar-pravasi-association-onam-2025-10-06-19-17-33.jpg)
അജ്മാൻ: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ "ചിറ്റാറോണം-2025 " പരിപാടി ഞായറാഴ്ച അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വർണ്ണാഭമായ പരിപാടികളോട് നടന്നു.
സാംസ്കാരിക സമ്മേളനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഓണം പരാജയപ്പെട്ടവന്റെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു. മഹാബലി തമ്പുരാനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുകയായിരുന്നു. അത് പരാജയത്തിന്റെ അടയാളമാണ്.
ലോകത്തിൻറെ എല്ലാ ഭാഗത്തും വിജയിക്കുന്നവന്റെ ആഘോഷമാണ് നടക്കുന്നത്. പരാജയപ്പെട്ടയാളിന്റെ പേരിൽ ഒരു ആഘോഷം ലോകത്ത് നടക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്.
പരാജയപ്പെട്ടവന്റെ പക്ഷം ചേർന്ന് നമ്മൾ ആഘോഷിക്കുകയാണ്. പരാജിതരെ ചേർത്തുനിർത്തി നടത്തുന്ന ഓണം നന്മയുടെ ആഘോഷം കൂടിയാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു.
അസോസിയേഷൻ പ്രസിഡൻറ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്, ട്രഷറർ ഷാജി ജോൺ, ഡോ.മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, സിമി ലിജു, നസീർ കൂത്താടിപറമ്പിൽ, അനു സോജു, അജിന ഷാദിൽ, ജിബി ബേബി എന്നിവർ പ്രസംഗിച്ചു.
ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് വാദ്യമേളങ്ങളുടെയും, നാടൻ കലാരൂപങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടുകൂടി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു.
അത്തപ്പൂക്കളം, തിരുവാതിര, ഓണ വിളംബരം, ഗാനമേള, ഡിജെ മ്യൂസിക് ഷോ, കളരിപ്പയറ്റ്, ഫിഗർ ഷോ, വടംവലി മത്സരം ഉൾപ്പെടെയുള്ള പരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.
പ്രവാസി ഐഡി കാർഡ്, പെൻഷൻ സ്കീം എന്നിവയിൽ ചേരുന്നതിന് നോർക്ക റൂട്ട്സുമായി ചേർന്ന് പ്രത്യേക സൗകര്യം ക്രമീകരിച്ചിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള 600 പേർ ഓണാഘോഷത്തിൽ പങ്കാളികളായി.