അക്കാഫ് ഇവെന്റ്സ് കലാലയ ബീറ്റ്‌സ് 2025 എത്തിസലാത്ത് ഗ്രൗണ്ടിൽ നടന്നു

New Update
akaf events

യുഎഇ: കേരളത്തിലെ നൂറ്റി എൺപതിലധികം കോളേജ് അലുംനികളുടെ ഏറ്റവും ബൃഹത്തായ സംഗമ വേദിയായ അക്കാഫ് ഇവെന്റ്‌സിന്റെ ക്യാംപസ് ബീറ്റ്‌സ് 2025 എത്തിസലാത്ത് മൈതാനത്ത് നവംബർ 9നു സമാപിച്ചു.

Advertisment

മലയാള സിനിമയിലെ സമസ്ത മേഖലകളിലും വെന്നിക്കൊടി പാറിച്ച അനൂപ് മേനോൻ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥിയായെത്തിയ  ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ആഘോഷം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. 

ഗുരുവന്ദനത്തിന്റെ ഭാഗമായി പ്രശസ്ത അധ്യാപകനും, അഭിനേതാവും, ഡബ്ബിങ് കലാകാരനുമായ പ്രൊഫ. അലിയാറിനെ ആദരിച്ചു. 

അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ ആധ്യക്ഷ്യം വഹിച്ച പൊതുസമ്മേളനത്തിൽ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതവും അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണാണ്ടസ് നന്ദിയും ആശംസിച്ചു. 

അജിത് കണ്ടല്ലൂർ മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കലാലയൻ മാഗസിൻ അനൂപ് മേനോൻ പ്രകാശനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പത്തു ദമ്പതികളെ അണിനിരത്തി പുതുമയാർന്ന കലാലയ കതിർമണ്ഡപം സൃഷ്ടിച്ചത് ഏറ്റവും പുതുമയാർന്ന പരിപാടിയായിരുന്നു. 

കലാലയ പുനഃസൃഷ്ടിയിലൂടെ ഓർമ്മകൾക്ക് പുനർജൻമം നൽകാൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പും, കൊടി തോരണങ്ങൾ കൊണ്ടലങ്കരിച്ച സമരപ്പന്തലും, ലൈബ്രറിയും, ലവ് കോർണറും, പുനഃസൃഷ്ടിക്കപ്പെട്ട ക്ലാസ് മുറികളും, കോളേജ് കാന്റീനുകൾക്കും സാധ്യമായി. വീര്യം തെളിയിച്ച വടം വലി മത്സരങ്ങളും, വാകമരച്ചോട്ടിലെ ഗാനമേളയും, കൊട്ടിപ്പാട്ടും പരിപാടികൾക്ക് ആവേശം പകർന്നു. 

നവാഗതരെ സ്വാഗതം ചെയ്യുന്ന ബാനറുകളും സ്ഥാനാർഥികളുടെ ചിത്രങ്ങൾ നിറഞ്ഞ വഴിയോരങ്ങളും തികച്ചും പഴയ കോളേജ് അംഗങ്ങളിലേക്കൊരു തിരിച്ചു പോക്കായിരുന്നു.

കോളേജ് അലുംനികൾ അവതരിപ്പിച്ച വാശിയേറിയതും വൈവിധ്യമേറിയതുമായ ഘോഷയാത്ര  അവിസ്മരണീയമായ അനുഭവമായിരുന്നു.

മുന്നൂറിലധികം വനിതകൾ പങ്കെടുത്ത നൃത്തോത്സവം കാണികൾക്ക് ഏറെ ആവേശം ജനിപ്പിച്ച പരിപാടിയായിരുന്നു. വിവിധ താള ക്രമങ്ങളിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചയിൽ നിറഞ്ഞാടിയ വനിതാ പ്രവർത്തകർ ഏറെ അഭിനന്ദനം അർഹിക്കുന്ന നിലയിലേക്ക് നൃത്തോത്സവത്തെ എത്തിച്ചു. കോളേജ് റിക്രിയേഷൻ കൺവീനർ ഡയാനയുടെ നേതൃത്വത്തിലാണ് കോളേജ് റിക്രിയേഷൻ പരിപാടികൾ അരങ്ങേറിയത്.  

പാട്ടുകളുടെ പുതിയ തരംഗവുമായെത്തിയ ഹനാൻ ഷായും, വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ  പാടിയ മിന്മിനിയും, സദസ്യരെ നെഞ്ചിലേറ്റിയ രഞ്ജൻ രാജുo ചേർന്നപ്പോൾ സദസ്സ് തികച്ചും പ്രകമ്പനം കൊണ്ടു.

ലെവൻ ബാൻഡ് അവതരിപ്പിച്ച സംഗീതനിശ  ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രശസ്ത സിനിമാ നടനും ആർ ജെയുമായ മിഥുൻ രമേശ് അവതാരകനായിരുന്നു. 

കലാലയ ബീറ്റ്‌സ് ജനറൽ കൺവീനർ വി എം ഷാജൻ (ഡി ബി കോളേജ്, ശാസ്താംകോട്ട), പ്രോഗ്രാം ഡയറക്ടർ  വി സി മനോജ് (ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), അക്കാഫ് ബീറ്റ്‌സ് കൺവീനർമാരായ രാജാറാം ഷാ (എസ് എൻ കോളേജ് വർക്കല), സുരേഷ് കാശി (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്), മഞ്ജു ശ്രീകുമാർ (സെന്റ് ജോസഫ് കോളേജ്), എക്‌സ്‌കോം കോർഡിനേറ്റർമാരായ സിന്ധു ജയറാം, പ്രതാപ് നായർ, സോഷ്യൽ മീഡിയ കൺവീനർ അബ്ദുൽ സത്താർ എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 

 അക്കാഫ് ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി അമീർ കല്ലത്ര, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, സെക്രട്ടറി മനോജ് കെ വി, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Advertisment