/sathyam/media/media_files/6MteotkfTo8YyCAE0fIy.jpg)
ഷാര്‍ജ: ബഹിരാകാശരംഗത്തെ ചലനാത്മക വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചിയും പ്രതിഭാശേഷിയും കണ്ടെത്തുന്നതിന്റെ ഭാഗമായി യുഎഇയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന സ്പേസ് ഒളിമ്പ്യാഡ് ഏറെ ശ്രദ്ധേയമായി.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡു മിത്ര ഇവന്റ് മാനേജ്‍മെന്റ് അതിന്റെ യുഎഇ ശാഖയുടെ ആഭിമുഖ്യത്തിൽ ഗ്രേഡ് അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള കുട്ടികൾക്കായി ജൂനിയർ, സീനിയർ സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്. ഷാർജ അംബാസഡർ സ്കൂളിൽ നടന്ന ക്യാമ്പിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.
നേരത്തെ നടത്തിയ ശാസ്ത്ര - സാങ്കേതിക.ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്. സിലബസ് അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ, തിരഞ്ഞെടുത്ത വിഷയങ്ങളിലെ പേപ്പർ അവതരണങ്ങൾ, അന്തിമ പരീക്ഷ, ആകാശ നിരീക്ഷണവും പരിശീലനവും, ആസ്ട്രോഫോട്ടോഗ്രഫി സെഷനുകൾ, വിദഗ്ദ്ധരുടെ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന ആകർഷകമായ സംവാദങ്ങൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവകൊണ്ട് ദ്വിദിന ക്യാമ്പ് പഠിതാക്കളിൽ കൗതുകമുണർത്തി.
പ്രശസ്ത ബഹിരാകാശ ശാസ്ത്ര വിദഗ്ദ്ധരായ ശരത് പ്രഭാവു ജെ, മനോഷ് ടി.എം എന്നിവരാണ് ക്‌ളാസ്സുകൾ നയിച്ചത്. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ബഹിരാകാശ പ്രേമിയും അദ്ധ്യാപകനും യുഎയിൽ അറിയപ്പെടുന്ന ഒരു യൂട്യൂബറുമായ അഹമ്മദ് മുഹമ്മദ് മുസ്തഫ സലാഹുദ്ദീൻ ക്യാമ്പിൻറെ സംവേദനാത്മക സെഷനിൽ സജീവമായി തന്റെ ബഹിരാകാശ രംഗത്തെ അറിവുകൾ പങ്കുവെച്ചത് കുട്ടികളിൽ കൗതുകമുണർത്തി.
ക്യാമ്പിന്റെ സമാപന ചടങ്ങും സമ്മാന വിതരണവും ഷാർജ അംബാസഡർ സ്കൂൾ പ്രിൻസിപ്പൽ ആരോഗ്യ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുഎഇയിലെ എഡു മിത്ര ഇവന്റ് മാനേജ്‌മെന്റ് സിഇഒ മേതിൽ കോമളൻകുട്ടി അധ്യക്ഷനായിരുന്നു. എഡു മിത്രയുടെ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സനീഷ് സി.കെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
ജൂനിയർ വിഭാഗത്തിൽ ജെഎസ്എസ് സ്‌കൂളിലെ പർവ്വ് യോഗേഷ് ഒന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ യുഎഇ പൗരയായ മറിയം അലോബീഡ്‌ലിയും (സ്‌കൂൾ ഓഫ് ഷൂഫാറ്റ് ഖലീഫ, അബുദാബി), സൂപ്പർ സീനിയർ വിഭാഗത്തിൽ ഏലിയാ അൽ ദാവൂദും (അൽ ദഫ്‌റ പ്രൈവറ്റ് അക്കാദമി, അബു ദാബി) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒന്നാം സ്ഥാനം നേടിയവർക്ക് മെഡലുകൾക്കു പുറമെ ടെലെസ്കോപ്പാണ് സമ്മാനമായി ലഭിച്ചത്. മറ്റു വിജയികൾക്ക് മെഡലും പങ്കെടുത്തവർക്കെല്ലാം സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ പ്രീതി സതീശൻ സ്വാഗതവും അഗാഷ നന്ദിയും പറഞ്ഞു.